print edition അഭിമന്യു കൊലക്കേസ്: മുഴുവൻ പ്രതികളും ഹാജരായി; അധിക കുറ്റപത്രം വായിച്ചു

കൊച്ചി: അഭിമന്യു കൊലക്കേസിലെ മുഴുവൻ പ്രതികളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി. കർശന ഉത്തരവിനെ തുടർന്നാണ് കേസിലെ 16 പ്രതികളും ബുധനാഴ്‌ച എത്തിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323–-ാംവകുപ്പ് (മനപ്പൂർവം പരിക്കേൽപ്പിക്കൽ) ഉൾപ്പെടുത്തിയ അധിക കുറ്റപത്രം ഇവരെ വായിച്ച് കേൾപ്പിച്ചു. എന്നാൽ ഇൗ കുറ്റവും പ്രതികൾ നിഷേധിച്ചു. കേസ് 17ന് വീണ്ടും പരിഗണിക്കും.
അന്ന് വിചാരണ സമയക്രമം തീരുമാനിക്കും.അധിക കുറ്റപത്രം വായിച്ചത് മനസിലായോ എന്ന് കോടതി ആരാഞ്ഞപ്പോൾ മനസിലായെന്ന് മറുപടി പറഞ്ഞു. കുറ്റം ചെയ്‌തിട്ടില്ലെന്നും മറുപടി നൽകി. സാക്ഷികളായ മൂന്നുപേരെ നാല് പ്രതികൾ മനപ്പൂർവം പരിക്കേൽപ്പിക്കുകയായിരുന്നു. മറ്റുള്ളവർക്ക് ഇതിൽ കൂട്ടുത്തരവാദിത്വവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് 323ാം വകുപ്പ് ഉൾപ്പെടുത്തിയത്.
കഴിഞ്ഞ ആറിന് കോടതി നൽകിയ നിർദേശപ്രകാരം 16 പ്രതികളും തിങ്കളാഴ്‌ച ഹാജരാകേണ്ടതായിരുന്നു. എന്നാൽ എത്തിയില്ല. തുടർന്ന് കോടതി രൂക്ഷമായി വിമർശിക്കുകയും 13 ന് ഹാജരാകണമെന്ന് ഇടക്കാല ഉത്തരവിടുകയും ചെയ്‌തു.
വിചാരണ നാലുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശമുള്ളതിനാൽ ഇനി അവധി നൽകാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജും അഭിമന്യുവിന്റെ സഹോദരനും പതിനെട്ടാം സാക്ഷിയുമായ പരിജിത്ത് മനോഹരനുവേണ്ടി അഡ്വ. കെ എസ് അരുൺകുമാറും ഹാജരായി.
മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. ജെ ഐ മുഹമ്മദ്, ആരിഫ് ബിൻ സലിം, റിയാസ് ഹുസൈൻ, ബിലാൽ സജി, ഫറൂഖ് അമാനി, പി എം റെജീബ്, അബ്‌ദുൾ നാസർ, ആദിൽ ബിൻ സലിം, ഷിഫാസ്, സഹൽ, ജിസാൽ റസാഖ്, മുഹമ്മദ് ഷഹിം, സനീഷ്, ഫായിസ്, തൻസിൽ, സനിദ് എന്നിവരാണ് പ്രതികൾ. 2018 സെപ്തംബർ 25നാണ് കുറ്റപത്രം സമർപ്പിച്ചത്.









0 comments