അബ്‌ദുൾ റഹിം രാവിലെയെത്തും; സന്തോഷപെരുന്നാൾ

അബ്‌ദുൾ റഹിം പവർ ഓഫ് അറ്റോണി സിദ്ധീഖ് തുവൂരിനൊപ്പം വിമാനത്തിൽ
റിയാദ്/ഫറോക്ക്: എല്ലാ അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ സഹനത്തിന്റെയും സാഹോദര്യത്തിന്റെയും ബലിപെരുന്നാൾ ദിനത്തിൽ അബ്‌ദുൾ റഹിം ജന്മനാട്ടിൽ തിരിച്ചെത്തും. സൗദി അറേബ്യൻ സമയം ബുധൻ രാത്രി 11.55ന് റിയാദിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ പുറപ്പെട്ട റഹിം രാവിലെ 7.35ന് കരിപ്പുരിലെത്തും. ഇവിടെനിന്ന് ബന്ധുക്കളും സഹായസമിതി ഭാരവാഹികളും ചേർന്ന് സ്വീകരിച്ച് രാമനാട്ടുകര കോടമ്പുഴയിലെ വീട്ടിലെത്തിക്കും.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ഇസ്‌കാൻ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹിമിനെ 20 വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ചൊവ്വാഴ്‌ചയാണ് ജയിൽമോചിതനാക്കിയത്. തുടർന്ന് എമിഗ്രേഷൻ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങാനായത്. സൗദിയിൽ ബുധനാഴ്‌ച ബലിപെരുന്നാൾ അവധിയാണെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായത് ഗുണമായി. ജയിൽ ഉദ്യോഗസ്ഥരാണ് റഹിമിനെ വിമാനത്താവളത്തിലെത്തിച്ചത്. റഹിമിന്റെ പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരും കുടുംബവും ഇതേ വിമാനത്തിൽ കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നുണ്ട്.
കേസിൽ റഹിമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി 2024ൽ റദ്ദാക്കിയിരുന്നു. ദിയാധനം സ്വീകരിച്ച് മാപ്പുനൽകാനുള്ള അനുരജ്ഞന കരാറിൽ ഒപ്പുവച്ചതായി കൊല്ലപ്പെട്ട അനസ് അൽശഹ്‌രിയുടെ കുടുംബം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് വധശിക്ഷ റദ്ദാക്കിയത്. സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാധനമായ ഒന്നരക്കോടി റിയാലിന്റെ (ഏകദേശം 34 കോടിരൂപ) ചെക്ക് ഉൾപ്പെടെ ഗവർണർ സാക്ഷ്യപ്പെടുത്തിയ കരാർ 2024 ജൂൺ 11ന് റിയാദ് ക്രിമിനൽ കോടതിയിൽ സമർപ്പിച്ചു. ഇതോടെ റഹിമിന്റെ മോചനത്തിനാവശ്യമായ നിർണായക കടമ്പ അവസാനിച്ചിരുന്നു. പിന്നീട് പൊതു അവകാശ നിയമപ്രകാരം റഹിം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റിയാദിലെ അപ്പീൽ കോടതി 20 വർഷം ശിക്ഷ വിധിച്ചു. ഇൗ വിധി സുപ്രീം കോടതിയും ശരിവച്ചു. രണ്ടു പതിറ്റാണ്ടുനീണ്ട ജയിൽവാസം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പൂർത്തിയായത്. ഇതിന് പിന്നാലെയാണ് ജയിലിൽനിന്ന് മോചന ഉത്തരവും ഫൈനൽ എക്‌സിറ്റും ലഭിച്ചത്.











0 comments