print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്; നീതിക്കായി സമരം തുടർന്ന് അബ്ദുൾ ജബ്ബാർ


സ്വന്തം ലേഖകൻ
Published on Nov 18, 2026, 12:30 AM | 1 min read
പറവൂർ : മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ താലൂക്ക് ഗവ.ആശുപത്രിയിലെ ചികിത്സയിലെ പിഴവുമൂലം വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്ന കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്ദുൾ ജബ്ബാർ ആശുപത്രിക്കുമുന്നിൽ സമരം തുടരുന്നു. സമരം തുടങ്ങിയശേഷമാണ്, ആഴ്‌ചകൾക്കുമുമ്പ് നൽകിയ പരാതിയിൽ പൊലീസെത്തി മൊഴിയെടുത്ത് ഡോക്ടറെ പ്രതിയാക്കി കേസെടുത്തത്.
ചികിത്സാനടപടികളിൽ വ്യക്തത വരുത്താൻ അബ്ദുൾ ജബ്ബാർ നൽകിയ വിവരാവകാശരേഖയ്ക്ക് ചൊവ്വാഴ്‌ച രാവിലെ മറുപടി കിട്ടി. ആരോഗ്യ വിജിലൻസ് പരാതിക്കാരനായ തന്റെ മൊഴിയെടുക്കണമെന്നും ആശുപത്രി സൂപ്രണ്ട് ആഷ കെ ജോണിനെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും സമൂഹമാധ്യമത്തിലൂടെ തന്നെ അവഹേളിച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് അബ്ദുൾ ജബ്ബാർ സമരം തുടരുന്നത്.
പറവൂർ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് ചൊവ്വാഴ്‌ച രാവിലെ എത്തി സമരം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയതായി അബ്ദുൾ ജബ്ബാർ പറഞ്ഞു. അതിനുശേഷം രണ്ട് ജീപ്പുകളിലായി പൊലീസ് സംഘമെത്തി. വലതുകാൽ നഷ്ടപ്പെട്ട താൻ യഥാർഥത്തിൽ മരിച്ചുകഴിഞ്ഞതായും മരണത്തെപ്പോലും ഭയക്കാത്തതിനാൽ ആരുടെയും ഭീഷണിക്കുമുന്നിൽ വഴങ്ങി സമരം അവസാനിപ്പിക്കില്ലെന്നും അബ്ദുൾ ജബ്ബാർ പറഞ്ഞതോടെ പൊലീസ് തിരിച്ചുപോയി. സമരം ബുധനാഴ്ചയും തുടരുമെന്ന് അബ്ദുൾ ജബ്ബാർ പറഞ്ഞു.









0 comments