print edition പുറത്തുവരാനിരിക്കുന്ന ദുരൂഹബന്ധങ്ങളുടെ തുടക്കം: എ എ റഹിം

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് ദുരൂഹമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുറത്തുവരാനിരിക്കുന്ന ഒരുപാട് ദുരൂഹബന്ധങ്ങളുടെ തുടക്കമാണ് ഇപ്പോൾ നേരിടുന്ന ആരോപണം. ബിജെപിയുടെ സീൽ കീശയിൽകൊണ്ട് നടക്കുന്ന ആളെ സ്വന്തം കീശ വി ഡി സതീശൻ ഏൽപ്പിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം. ഇവർക്കിടയിലുള്ള ധാരണ എന്താണ്.
എസ്‌ഐആറുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകൾ വ്യക്തമാകാനുണ്ട്. തെരഞ്ഞെടുപ്പ് ജോലിയിൽ ഉണ്ടായിരുന്ന പതിനായിരക്കണക്കിന് സർക്കാർ ജീവനക്കാർക്കാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്.
ഹൈക്കോടതി നിർദേശിച്ചിട്ടും വോട്ടവകാശം നിഷേധിക്കുന്ന തരത്തിൽ നടപടി സ്വീകരിച്ചു. ഇത് എന്തിനാണെന്ന് മുഖ്യമന്ത്രിയും രത്തൻ കേൽക്കറും വിശദീകരിക്കണം.
രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് കമീഷനുമായി യുദ്ധത്തിലാണ്. രാഹുൽ ഗാന്ധിയുടെ എതിരാളി എങ്ങനെയാണ് വി ഡി സതീശന്റെ സുഹൃത്ത് ആകുന്നത്.
അവധിദിനമായ ഞായറാഴ്‌ച മുഖ്യമന്ത്രി തലസ്ഥാനത്ത് ഇല്ലാത്ത ദിവസം മിന്നൽവേഗതയിലാണ് രത്തൻ കേൽക്കർ അധികാരമേറ്റത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സമയത്ത് ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് രത്തൻ കേൽക്കർ. ബിജെപിയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസുതന്നെ ആരോപിച്ച ആളെ സതീശൻ വിശ്വസ്‌തനായി നിയമിച്ചത് എന്ത് ഡീലിന്റെ ഭാഗമാണെന്ന് വ്യക്തമാക്കണം.
കോൺഗ്രസിന്റേത് അല്ലാത്ത ഏതെങ്കിലും ഹൈക്കമാൻഡ് വി ഡി സതീശനെ നയിക്കുന്നുണ്ടോ. രത്തൻ കേൽക്കറുടെ നിയമനത്തിൽ ലീഗും എഐസിസിയും നിലപാട് വ്യക്തമാക്കണമെന്നും എ എ റഹിം എംപി പറഞ്ഞു.











0 comments