നിതിൻ ഉറങ്ങുന്ന മണ്ണിൽ കുടുംബത്തിന് വീട് ഉയരും; പ്രഖ്യാപിച്ച് സിപിഐ എം

എ എ റഹീം വാർത്താ സമ്മേളനത്തിൽ, സമീപത്ത് മന്ത്രി വി ശിവൻകുട്ടിയും (ഇടത്) ജി സ്റ്റീഫൻ എംഎൽഎയും(വലത്)
തിരുവനന്തപുരം: അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് വീട് വെച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് സിപിഐ എം. തിരുവനന്തപുരത്ത് വിളിച്ചു ചേർന്ന വാർത്താ സമ്മേളനത്തിലാണ് സിപിഐ എം ജില്ലാ സെക്രട്ടറി എ എ റഹീം പ്രഖ്യാപനം നടത്തിയത്. മന്ത്രി വി ശിവൻകുട്ടിയും ജി സ്റ്റീഫൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
കേരളത്തെ ദുഃഖത്തിലാഴ്ത്തിയ ദുരന്തവാർത്തയായിരുന്നു നിതിൻ രാജിന്റെ വിയോഗം. നിതിന്റെ മരണം ആ കുടുംബത്തെയാണ് അനാഥമാക്കിയത്. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് സിപിഐ എം ഉറപ്പ് നൽകി. എല്ലാ അർഥത്തിലും നിതിന്റെ കുടുംബത്തോടൊപ്പം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉറപ്പ് നൽകി. മന്ത്രി വി ശിവൻകുട്ടിയും നിതിന്റെ വീട് സന്ദർശിക്കുകയും കുടുംബത്തോടൊപ്പം എന്നും ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹവും നൽകിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ നടത്തിയ കൂടിയാലോചനയിലാണ് നിതിന്റെ കുടുംബത്തിന് സിപിഐ എം വീട് വെച്ച് നൽകാൻ തീരുമാനം എടുത്തതെന്ന് റഹീം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വീട് നിർമിച്ച് നൽകുമെന്നത് വെറും പ്രഖ്യാപനം മാത്രമല്ല, മറിച്ച് ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യമെന്നും റഹീം കൂട്ടിച്ചേർത്തു. ഏപ്രിൽ 19-ാം തീയതി വൈകീട്ട് അഞ്ചു മണിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീടിന് തറക്കല്ലിടും. അടുത്ത ദിവസം തന്നെ വീടു നിർമാണം ആരംഭിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. മിന്നൽ വേഗത്തിൽ നിർമാണം പൂർത്തീകരിക്കുമെന്നും റഹീം വ്യക്തമാക്കി. വീടു നിർമാണം നടത്തുന്നതുമായി ബന്ധപ്പെട്ട് നിതിന്റെ കുടുംബവുമായി സംസാരിച്ചതായും തങ്ങളുടെ അഭിപ്രായത്തെ കുടുംബം അംഗീകരിച്ചതായും റഹീം അറിയിച്ചു.











0 comments