ad
Deshabhimani

ഇഡി റെയ്ഡിനെതിരായ പ്രതിഷേധം: ഡ്രൈവർക്കുണ്ടായ നഷ്ടം പാർട്ടി പരിഹരിക്കും; എഎ റഹീം

A A Rahim
വെബ് ഡെസ്ക്

Published on May 28, 2026, 04:19 PM | 1 min read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ രാഷ്ട്രീയ പ്രേരിത റെയ്ഡിനെതിരെയുള്ള പ്രതിഷേധത്തിനിടെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എഎ റഹീം എംപി.


കേന്ദ്ര ഏജൻസികളെ മുൻനിർത്തി സംഘപരിവാർ നടത്തുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ ഉയർന്നുവന്ന സ്വാഭാവികമായ ജനരോഷത്തിനിടയിലാണ് നിർഭാഗ്യവശാൽ വാഹനം ആക്രമിക്കപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.


പ്രതിഷേധത്തിനിടെ തകർന്ന കാറിന്റെ ഡ്രൈവർ ശ്യാമിന് പരുക്കേൽക്കുകയും അദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.


ഒരു സാധാരണ തൊഴിലാളിയുടെ ഉപജീവനമാർഗ്ഗത്തിന് കോട്ടം തട്ടിയതിൽ പാർട്ടിക്ക് കൃത്യമായ ഖേദമുണ്ടെന്നും അദ്ദേഹത്തിനുണ്ടായ നഷ്ടം പൂർണ്ണമായി നികത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എഎ റഹീം അറിയിച്ചു.


ഒരു തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ പാർട്ടിക്ക് കൃത്യമായ ഖേദമുണ്ട്. ആ നഷ്ടം പരിഹരിക്കുന്നതിൽ പാർട്ടിക്ക് ധാർമികമായ ഉത്തരവാദിത്തമുണ്ട്. ഡ്രൈവർ ശ്യാമുമായി പാർട്ടി നേതാക്കൾ നേരിട്ട് സംസാരിച്ചിട്ടുണ്ട്.


അദ്ദേഹത്തിന്റെ ആശങ്കകൾ പൂർണ്ണമായും നീക്കാനുള്ള കാര്യങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാഹന യൂണിയനുമായി ബന്ധപ്പെട്ട് ഡ്രൈവർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്ന കാര്യങ്ങൾ പരിശോധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.


പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസ് അതിന്റെ നിയമപരമായ വഴിക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home