ബൊഫോഴ്സിനെക്കാൾ വലിയ കുംഭകോണം
print edition വയനാടിനായി പിരിച്ച പണം ഏത് അക്കൗണ്ടിലെന്ന് വെളിപ്പെടുത്തണം; എ എ റഹിം എംപി

എ എ റഹിം എംപി
തിരുവനന്തപുരം : വയനാട് ദുരന്തബാധിതർക്കായി എത്ര പണം പിരിച്ചെന്നും സ്വരൂപിച്ചെന്നുപറയുന്ന പണം ഏത് അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും പ്രതിപക്ഷനേതാവ് വെളിപ്പെടുത്തണമെന്ന് എ എ റഹിം എംപി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അക്കൗണ്ടിൽ തുക ഭദ്രമാണെന്നാണ് സതീശൻ പറയുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് എഐസിസി നൽകിയ ബാലൻസ് ഷീറ്റിൽ അങ്ങനെയൊരു പണമില്ല. ഇക്കാര്യം പുറത്തായപ്പോൾ തന്റെയും കെപിസിസി പ്രസിഡന്റിന്റെയും ജോയിന്റ് അക്കൗണ്ടിലാണ് പണമെന്ന് സതീശൻ നുണ പറഞ്ഞു. വ്യക്തിപരമായ അക്കൗണ്ടാണെങ്കിൽ അക്കാര്യം തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്‌മൂലത്തിൽ കാണിക്കേണ്ടതാണ്. അതിലില്ല. പിന്നെയിത് എവിടെപ്പോയി?
ഘടകകക്ഷിയായ ലീഗ് അവർ പിരിച്ച 40 കോടിയുടെ കണക്ക് പുറത്തുവിട്ടു. യുഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിക്ക് ഇത്രയും തുക പിരിക്കാനായെങ്കിൽ കോൺഗ്രസ് എത്ര പിരിച്ചിട്ടുണ്ടാകും. രാജ്യത്ത് യുഡിഎഫ് നടത്തിയ വലിയ കുംഭകോണം 36 കോടിയുടെ ബൊഫോഴ്സാണ്. ഇതിനേക്കാൾ വലിയ കുംഭകോണമാണ് കേരളത്തിലെ കോൺഗ്രസ്, വയനാട്ടിലെ തകർന്നടിഞ്ഞ മനുഷ്യജീവിതങ്ങളെ ചൂണ്ടിക്കാട്ടി കണ്ണീരുവിറ്റ് നടത്തിയത്.
കേരളം യുവജനങ്ങളെ പറ്റിക്കുന്നുവെന്ന ആക്ഷേപമാണ് രാഹുൽഗാന്ധി കഴിഞ്ഞദിവസം ഉന്നയിച്ചത്. കേന്ദ്രസർക്കാർ തസ്‌തികയിൽ ലക്ഷങ്ങളുടെ തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. 32,567 ഒഴിവ് കേന്ദ്രപൊതുമേഖലാ ബാങ്കുകളിൽ മാത്രമുണ്ട്. നവോദയ വിദ്യാലയത്തിലെ അധ്യാപക ഒഴിവുകൾ നികത്തിയിട്ടില്ല. സൈന്യത്തെപ്പോലും കരാർവൽക്കരിക്കുകയായിരുന്നു ബിജെപി. അതേസമയം, പിഎസ്‌സി വഴി കൂടുതൽ നിയമനം നടത്തിയ സംസ്ഥാനമാണ് കേരളം. പിൻവാതിൽ നിയമനം ഇല്ലാതാക്കി. നിരവധി സ്ഥാപനങ്ങളുടെ നിയമനം പിഎസ്‌സിക്ക് വിട്ടുകൊടുത്തു. പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളുടെ നിയമനങ്ങൾ സഹകരണ റിക്രൂട്ട്‌മെന്റ് ബോർഡുകൾക്ക് നൽകി നിയമനം സുതാര്യമാക്കി. ഇതാണ് ഇടതുസർക്കാരിന്റെ യുവജന താൽപ്പര്യം. ആ സർക്കാരിനെയാണ് വസ്‌തുതാവിരുദ്ധമായി രാഹുൽ ഗാന്ധി ആക്രമിച്ചതെന്നും റഹിം പറഞ്ഞു.











0 comments