സവർക്കറുടെ മുന്നിൽ സതീശൻ കുനിഞ്ഞതുപോലെ പിണറായി മുട്ടുമടക്കില്ല: എ എ റഹീം എം പി

തിരുവനന്തപുരം: ഇന്ത്യയിലെയും കേരളത്തിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പിലാകില്ലെന്നും, ഇതിനായി ഇറങ്ങിത്തിരിച്ചവർക്ക് ഒടുവിൽ നിരാശപ്പെടേണ്ടി വരുമെന്നും സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എം പി കൂടിയായ എ എ റഹീം പറഞ്ഞു.
ഇടതുപക്ഷത്തെ തകർക്കാൻ രാഷ്ട്രീയ വേട്ടയ്ക്കായി ഇഡിയെ ഇറക്കുന്ന സംഘപരിവാർ നീക്കം കനത്ത പരാജയമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നടത്തുന്ന രാഷ്ട്രീയ റെയ്ഡ് നാടകത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വ്യക്തിപരമായി ഉന്നം വെക്കുന്നത് സി പി ഐ എമ്മിനെ ആകെ ഉന്നം വെക്കുന്നതിന് തുല്യമാണ്. ഈ രാഷ്ട്രീയ കടന്നാക്രമണത്തിന് ബിജെപിക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷമായ വിമർശനമാണ് റഹീം ഉന്നയിച്ചത്.
വി ഡി സതീശന്റെ ദില്ലി യാത്രകൾ തന്റെ രാഷ്ട്രീയ യജമാനന്മാരായ ബിജെപി നേതൃത്വത്തെ വിവരമറിയിക്കാനാണ്. അദ്ദേഹം ഒരു കോൺഗ്രസ് നേതാവിനെപ്പോലെയല്ല, മറിച്ച് ആർഎസ്എസുകാരനെപ്പോലെയാണ് ഇപ്പോൾ പെരുമാറുന്നത്.
വി ഡി സതീശൻ സവർക്കറുടെ ചിത്രത്തിന് മുന്നിൽ കുനിഞ്ഞതുപോലെ പിണറായി വിജയൻ സംഘപരിവാറിന് മുന്നിൽ മുട്ടുമടക്കില്ല. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുൽ ഗാന്ധി കേരളത്തിൽ വന്നപ്പോൾ 'ഇഡി എന്തുകൊണ്ട് പിണറായിയെ പിടിക്കുന്നില്ല' എന്ന് ചോദിച്ചത് രാജ്യത്ത് ബിജെപി വിരുദ്ധ പോരാട്ടം നടത്തുന്ന മറ്റ് പാർട്ടികളെ തകർക്കാനുള്ള കോൺഗ്രസ്-ബിജെപി അന്തർധാരയുടെ ഭാഗമായാണ്.
ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിനെതിരായ കേസ് പോലും കോൺഗ്രസ് അധ്യക്ഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ ചട്ടുകമാക്കി കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാമെന്നത് സംഘപരിവാറിന്റെയും അവരെ സഹായിക്കുന്ന കോൺഗ്രസിന്റെയും വെറും കിനാവ് മാത്രമാണെന്നും, ഇത്തരം ഫാസിസ്റ്റ് നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി തെരുവിൽ പ്രതിരോധിക്കുമെന്നും എ എ റഹീം കൂട്ടിച്ചേർത്തു.











0 comments