തിരുവനന്തപുരത്ത് കോൺഗ്രസ് - ബിജെപി ഡീൽ; ഇടനിലക്കാരൻ വി എസ് ശിവകുമാറെന്ന് എ എ റഹീം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാന മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എ എ റഹീം. അരുവിക്കരയിലും തിരുവനന്തപുരം സെൻട്രലിലും ബിജെപി - കോൺഗ്രസ് 'ഡീൽ' ഉറപ്പിച്ചു കഴിഞ്ഞു.
വി എസ് ശിവകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിന് പകരമായി തിരുവനന്തപുരവും അരുവിക്കരയും ബിജെപിക്ക് അനുകൂലമായി വിട്ടുകൊടുക്കാനാണ് നീക്കമെന്നും റഹീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിക്കുന്നതിനായി വി എസ് ശിവകുമാർ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് റഹീം ഉന്നയിച്ചത്.
ഇതിന് പകരമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവകുമാറിന് അനുകൂലമായ നിലപാട് ബിജെപി സ്വീകരിക്കുന്നത്. കോൺഗ്രസ് മുക്ത ഭാരതം എന്ന് പറയുന്ന ബിജെപി, തിരുവനന്തപുരത്ത് കോൺഗ്രസിനെ സഹായിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മതേതര വോട്ടുകളും എൽഡിഎഫിന് ലഭിക്കും. യുഡിഎഫിന് ബിജെപി ജയിക്കട്ടെ എന്ന മാനസികാവസ്ഥയാണ്. കെപിസിസി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവിൽ പോലും പ്രചാരണത്തിന് ആളില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്.
മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് യുഡിഎഫിനെ സഹായിക്കാനാണെന്നും റഹീം കൂട്ടിച്ചേർത്തു. എസ്ഡിപിഐയുടെയോ വർഗീയ ശക്തികളുടെയോ വോട്ട് എൽഡിഎഫിന് ആവശ്യമില്ല. അത്തരം വോട്ടുകൾ എവിടെയും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുമില്ല.
എന്നാൽ യുഡിഎഫ് ഇത്തരം ശക്തികളുമായി പരസ്യമായ കൂട്ടുകെട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ മതേതര വോട്ടർമാർ ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തിരിച്ചറിയുമെന്നും എൽഡിഎഫിന് വൻ വിജയം സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











0 comments