അൻവറിന്റെ യാത്ര യുഡിഎഫ് തിരക്കഥയിലൂടെ, വീണ്ടും മത്സരിക്കില്ലെന്ന് പറയുന്നത് ജനങ്ങളെ ഭയന്ന്: എ വിജയരാഘവൻ

തൃശൂർ: യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അൻവർ യാത്ര ചെയ്യുന്നതെന്ന് സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ. ‘നേരത്തെ അൻവർ വാർത്തകളുണ്ടാക്കി മാധ്യമ ശ്രദ്ധനേടാൻ ശ്രമിച്ചിരുന്നു. സിപിഐ എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിച്ചിരുന്നു. ഇതെല്ലാം യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ.
അൻവറിന്റെ സമരപരിപാടി ലീഗ് നേതാവ് ഇ ടി മുഹമദ് ബഷീറാണ് ഉദ്‌ഘാടനം ചെയ്‌തത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെല്ലാം അൻവർ പറയുന്നതിന്റെ അനുബന്ധ സംസാരക്കാരായി മാറി. കേരളത്തെ വർഗീയമായി ചേരിതിരിരിക്കുക, ആ വർഗീയചേരിയെ യുഡിഎഫിന് പിന്നിൽ അണിനിരത്തുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ ഇടതുപക്ഷത്തെ രാഷ്‌ട്രീയമായി പ്രതിരോധിക്കാൻ കഴിയാത്തതിനാൽ എല്ല വിഷയവും വർഗീയവൽക്കരിക്കുകയും സാമുദായികവൽക്കരിക്കുകയും ചെയ്യുന്നു. വന്യജീവി സംഘർഷം പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ഭാഗമാണ്. അത് രാഷ്‌ട്രീയ വിഷയമല്ല, എന്നാൽ അത് രാഷ്‌ട്രീയം മാത്രമല്ല, വർഗീയ വിഷയവുമാക്കുന്നു.
യുഡിഎഫിന് പറയാൻ പറ്റാത്ത കാര്യങ്ങൾ അൻവറിനേക്കൊണ്ട് അവർ പറയിപ്പിക്കുന്നു. പറയുന്നതെല്ലാം പതിരാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആരോപണങ്ങൾ ആവർത്തിച്ചാൽ പ്രത്യേക പിന്തുണ കിട്ടുമെന്നത് തെറ്റിദ്ധാരണയാണ്. രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ യുഡിഎഫ് എളുപ്പവഴി തേടുകയാണ്. ജനങ്ങൾ പുറംതള്ളുമെന്നുള്ളതിനാലാണ് വീണ്ടും മത്സരിക്കാനില്ലെന്ന് അൻവർ പറയുന്നത്. ഇതൊന്നും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ബഹുജന അടിത്തറയെ ഇല്ലാതാക്കാൻ പര്യാപ്‌തമല്ല. സാമുദായിക സൗഹാർദമുള്ള നാടാണ് കേരളം. എൽഡിഎഫിന് സമഗ്ര വികസനക്കാഴ്‌ച്ചപ്പാടാണ്. ഇടതുപക്ഷത്തെ മാറ്റി, ഏറ്റവും പ്രതിലോമചേരിക്കൊപ്പം കേരളം നിൽക്കില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.









0 comments