ജന്മനാടിന്റെ മണ്ണിലേക്ക് മടക്കം

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ മൃതദേഹം ചങ്ങനാശേരി തെങ്ങണയിലെ വീട്ടുവളപ്പിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് സംസ്കരിക്കുന്നതിന് ചിതയിലേക്ക് വെക്കുന്നു

സ്വന്തം ലേഖകൻ
Published on Feb 24, 2025, 12:01 AM | 2 min read
എ വി റസൽ ഇനി ജ്വലിക്കുന്ന ഓർമ.
ഏറെ പ്രിയപ്പെട്ട ചങ്ങനാശേരിയുടെ മണ്ണിൽ സമരതീക്ഷ്‌ണമായ ജീവിതം എരിഞ്ഞൊടുങ്ങി....
തൊഴിലാളിവർഗത്തിന്റെ പ്രിയപ്പെട്ട നേതാവ്, അവരുടെ യാതനകളിൽ, അവകാശപോരാട്ടങ്ങളിൽ ചേർന്നുനിന്ന പ്രിയ സഖാവ്.
കോട്ടയത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ പോരാട്ടങ്ങളുടെ കാവലാൾ.
ജനഹൃദയങ്ങളുടെ സ്‌നേഹവായ്‌പ്പുകളേറ്റുവാങ്ങി എ വി റസൽ മടങ്ങി.
അന്ത്യാഭിവാദനം,
റെഡ് സല്യൂട്ട് പ്രിയ സഖാവേ...
ചങ്ങനാശേരി: കർമപഥങ്ങളിൽ സഖാക്കൾക്ക് പകർന്നുനൽകിയ സമരാവേശവും സ്‌നേഹവും ബാക്കിയാക്കി എ വി റസൽ ഓർമയിലേക്ക് മറഞ്ഞു. റസലിന്റെ മൃതദേഹം ചങ്ങനാശേരി തെങ്ങണയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പ്രിയനേതാവിനെ അവസാനമായി കാണാൻ ആഞ്ഞിലിമൂട്ടിൽ വീട്ടിലേക്ക് ഞായറാഴ്‌ചയും ആയിരങ്ങളെത്തി. പതിറ്റാണ്ടുകളോളം ഒരുമിച്ചു പ്രവർത്തിച്ചവർ ഒരിക്കൽകൂടി മുഷ്ടിയുയർത്തി ഹൃദയത്തിൽനിന്ന് അവസാനത്തെ അഭിവാദ്യമർപ്പിച്ചു.
അപ്രതീക്ഷിതമായുണ്ടായ വേർപാടിന്റെ ആഘാതം അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് അപ്പോഴും വിട്ടൊഴിഞ്ഞിരുന്നില്ല. ഞായർ അതിരാവിലെ മുതൽ വീട്ടുവളപ്പിലേക്ക് ആളുകൾ വന്നുകൊണ്ടിരുന്നു. വന്നവരിൽ രാഷ്‌ട്രീയഭേദമുണ്ടായിരുന്നില്ല. വാക്കുകൊണ്ട് പോലും ആരെയും നോവിച്ചിട്ടില്ലാത്ത സഖാവ് ഇപ്പോൾ നോവുന്ന ഓർമയായി. ചെറുപ്പം മുതൽ ഒന്നിച്ചുപ്രവർത്തിച്ചവർ, പ്രിയ സഖാക്കൾ, സ്‌നേഹിതർ തുടങ്ങി നാടാകെ എ വി റസലിന് വിടനൽകാനെത്തി. അവസാന അഭിവാദ്യമർപ്പിക്കാൻ മുഷ്ടിയുയർത്തിയപ്പോൾ പലരും വിതുമ്പി. അടുത്തറിയുന്ന ഏവരുടെയും ഹൃദയത്തിലൊരു വിടവ് ബാക്കിയാക്കിയാണ് റസൽ എന്ന ചുവന്നതാരകം പൊലിഞ്ഞത്.
പ്രത്യേക ആചാരങ്ങളില്ലാതെയായിരുന്നു സംസ്‌കാരം. മകൾ ചാരുലത, മരുമകൻ അലൻ ദേവ്, പിതൃസഹോദരപുത്രൻ എ ടി പ്രദീപ്(വാവച്ചൻ) എന്നിവർ ചേർന്ന് ചിതയ്‌ക്ക് തീകൊളുത്തി. തുടർന്ന് അനുശോചനയോഗം ചേർന്നു.
മന്ത്രിമാരായ വി എൻ വാസവൻ, പി രാജീവ്, സജി ചെറിയാൻ, എം ബി രാജേഷ്, ഡോ. ആർ ബിന്ദു, വീണാ ജോർജ്, ജെ ചിഞ്ചുറാണി, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, മുതിർന്ന നേതാവ് വൈക്കം വിശ്വൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, ജനറൽ മാനേജർ കെ ജെ തോമസ്, സംസ്ഥാന സെക്രട്ടിയറ്റംഗങ്ങളായ കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, ഡോ. പി കെ ബിജു, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ജോസ് കെ മാണി എംപി, ഡോ. എൻ ജയരാജ്, ലതിക സുഭാഷ്, ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.









0 comments