ad
Deshabhimani

print edition വിട പറഞ്ഞത് അരങ്ങിലെ പ്രമാണി

babykuttan

തകഴിക്കൊപ്പം ബേബിക്കുട്ടൻ

വെബ് ഡെസ്ക്

Published on Jul 12, 2026, 01:33 AM | 1 min read

കരുനാഗപ്പള്ളി : "അടുത്ത ബെല്ലോടെ പ്രമാണി അരങ്ങിലെത്തും...’– കാതടപ്പിക്കുന്ന അനൗൺസ്‌മെന്റിന് പിന്നാലെ വിളക്കുകൾ എല്ലാം അണഞ്ഞു. പ്രേക്ഷകർ ശ്വാസമടക്കി കാത്തിരുന്നു. കനത്ത നിശ്ശബ്ദത. കർട്ടൻ ഉയർന്നതോടെ വേദിയിൽ മേലേക്കര കൊച്ചുതമ്പിയും ഫോട്ടോഗ്രാഫർ കൃഷ്ണദാസും നിറഞ്ഞാടി. ആദിനാട് ശശിയും എൻ എസ് പ്രകാശും പ്രേക്ഷകഹൃദയങ്ങളിലേക്ക് ആവേശമായി പെയ്തിറങ്ങി. മലയാള നാടകവേദിയുടെ ചരിത്രത്തിൽ നാലായിരത്തിൽപ്പരം വേദികൾ പിന്നിട്ട ‘പ്രമാണി’ എന്ന നാടകം ഇന്നും കേരളത്തിന്റെ നാടക ചരിത്രത്തിലെ അത്ഭുതം. പ്രൊഫഷണൽ നാടകരംഗത്ത് സ്വന്തം പാത വെട്ടിത്തെളിച്ച ബേബിക്കുട്ടൻ തൂലിക എന്ന അതുല്യ പ്രതിഭയിലൂടെ പിറവിയെടുത്ത നാടകമായിരുന്നു ‘പ്രമാണി’. ആ തൂലികയിലനിന്ന്‌ ചരിത്രമെഴുതിയ എത്രയോ നാടകങ്ങൾ പിന്നെയും.


തേവലക്കര പടിഞ്ഞാറ്റക്കര തുണ്ടിൽ വീട്ടിൽ കുഞ്ഞൻപിള്ളയുടേയും കമലമ്മയുടെയും രണ്ടാമത്തെ മകനായ ഗോപിനാഥക്കുറുപ്പ് എന്ന ബേബിക്കുട്ടൻ തൂലിക കൊല്ലം ഉപാസനയുടെ "സൗപ്തികം’ എന്ന നാടകത്തിൽ കോൺസ്റ്റബിൾ കുറുപ്പ് എന്ന ഹാസ്യ കഥാപാത്രത്തിലൂടെയാണ് അരങ്ങേറിയത്. അരങ്ങിന്റെയും അണിയറയുടേയും കഥ പറയുന്ന ‘മഹാറാണി’ എന്ന നാടകത്തിൽ വ്യത്യസ്തമായ ആറു വേഷങ്ങൾ അവതരിപ്പിച്ചു. ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബേബിക്കുട്ടൻ "പള്ളിവേട്ട’യിലൂടെ നാടക രചനയിലേക്ക് കടന്നു. പിന്നീട് ആ തൂലികയിൽനിന്ന് പിറവിയെടുത്ത നാടകങ്ങൾ മലയാളത്തിലെ മിക്ക സമിതികളും അവതരിപ്പിച്ചു. 1989ല്‍ സ്വന്തം സമിതിയായ തൂലികയ്ക്കുവേണ്ടി ‘വിരുന്ന്’ എന്ന നാടകം എഴുതി. രണ്ടാമത്തെ നാടകമായ ‘പ്രമാണി' അഭൂതപൂർവമായ വിജയമായി. തകഴി ശിവശങ്കരപ്പിള്ളയുടെ കൃതികളെ അടിസ്ഥാനപ്പെടുത്തി മൂന്നു നാടകം സംവിധാനം ചെയ്തു. ചെമ്മീൻ, അനുഭവങ്ങൾ പാളിച്ചകൾ, ഏണിപ്പടികൾ. തകഴിയുടെ കൃതികൾ മറ്റാരും നാടകമാക്കിയിട്ടില്ല.


1983ൽ സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചു. തോപ്പിൽഭാസിയുടെ പേരിലുള്ള ആദ്യ അവാർഡും ബേബിക്കുട്ടനെ തേടിയെത്തി. ചെമ്മീൻ നാടകത്തിന് അഞ്ചോളം അവാർഡുകൾ ലഭിച്ചു. ബഹ്റൈൻ കേരള സമാജം പ്രവർത്തകർ കഴിഞ്ഞവർഷം ചെമ്മീൻ വീണ്ടും പുനരവതരിപ്പിച്ചു. പ്രതിപുരുഷൻ എന്ന നാടകത്തോടെ പ്രൊഫഷണൽ നാടക രചന അദ്ദേഹം അവസാനിപ്പിച്ചു. അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ പ്രവർത്തിക്കുന്ന മലങ്കര ആർട്സിനുവേണ്ടി അദ്ദേഹം നാടകങ്ങൾ എഴുതി. അരങ്ങൊഴിയുമ്പോൾ തലമുറകളെ ത്രസിപ്പിക്കുകയും ചിന്തിപ്പിക്കുകയുംചെയ്‌ത തുല്യ പ്രതിഭയെയാണ്‌ നഷ്ടമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home