കാൻസർ വാർഡുകളിലെ കുരുന്നുകൾക്കായി മൂന്നാം ക്ലാസുകാരിയുടെ വായനാ മധുരം

തിരുവനന്തപുരം: അർബുദ ബാധിതരായി ജീവിതത്തോടും വേദനയോടും മല്ലിട്ട് ഗവ.മെഡിക്കൽ കോളേജുകളിലെ കാൻസർ വാർഡുകളിൽ കഴിയുന്ന കുരുന്നുകൾക്ക് 'അക്ഷരക്കൂട്ട്' എന്ന പേരിൽ വായനയുടെ മധുരം പകരാനുള്ള സ്വപ്നപദ്ധതിയുമായി ഒരു എട്ടു വയസ്സുകാരി. കാൻസർ വാർഡിലെ കുരുന്നുകൾക്ക് വായന എന്ന് മരുന്ന് എത്തിച്ച് നൽകി അവരെ അക്ഷരലോകത്തിലേക്ക് കൈപിടിക്കുകയാണ് ആഗ്ന യാമി. കോഴിക്കോട് വേനപ്പാറ ലിറ്റിൽ ഫ്ളവർ യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ആഗ്ന.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ വെച്ച് നിർവഹിച്ചു. മലയാള നവ അക്ഷരമാലയിലെ 56 അക്ഷരങ്ങളുടെ പ്രതീകമായി 56 പുസ്തകങ്ങൾ ആഗ്ന യാമിയിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി. മന്ത്രിയുടെ നിർദേശപ്രകാരം ഇവ പിന്നീട് തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ അർബുദ ബാധിതരായ കുട്ടികൾക്ക് വേണ്ടി കൈമാറി. തുടർന്ന് ആർസിസി പാലിയേറ്റീവ് മെഡിസിൻ വിഭാഗം റസിഡൻ്റ് മെഡിക്കൽ ഓഫീസറും, ഐഎംഎയുടെ കേന്ദ്ര കൗൺസിൽ അംഗവും, രോഗീ പരിചരണ പദ്ധതിയുടെ സംസ്ഥാന വൈസ് ചെയർമാനുമായ ഡോ. സി വി പ്രശാന്ത് ആഗ്ന യാമിയിൽ നിന്ന് ആർസിസിയ്ക്ക് വേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി.
യുകെജിയിൽ പഠിക്കുമ്പോൾ രചിച്ച തന്റെ ആദ്യ പുസ്തകമായ 'വർണ്ണപ്പട്ടം' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെ കാൻസർ വാർഡിൽ കഴിയുന്ന കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചുനൽകിയാണ് ആഗ്ന യാമിയുടെ ഉദ്യമത്തിന് തുടക്കമായത്. താൻ രചിച്ച പുസ്തകങ്ങളും തന്റെ സമ്പാദ്യ കുടുക്കയിൽ ഇട്ടുവെച്ച നാണയത്തുട്ടുകൾ ഉൾപ്പെടെ ചേർത്തുവെച്ച് വാങ്ങിയ പുസ്തകങ്ങളും അവൾ അവർക്കായി നൽകി. ഒന്നാം ക്ലാസിൽ പഠിക്കവെ രചിച്ച രണ്ടാമത്തെ പുസ്തകമായ 'പെൻസിലും ജലറാണിയും' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനചടങ്ങിന് പിന്നാലെയും കാൻസർ വാർഡിലെ കുരുന്നുകൾക്ക് പുസ്തകസഞ്ചയം കൈമാറിയിരുന്നു.
ദിവസേന സ്‌കൂളിൽ പോകാനാകാത്ത കാൻസർ ബാധിതരായ എഴുത്തും വായനയും നല്ല പോലെ അറിയാത്ത കുട്ടികൾക്ക് ഓൺലൈനായി രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആഗ്ന യാമി ക്ലാസും എടുത്ത് വരുന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നെല്ലാമുള്ള മുപ്പതോളം കുട്ടികളെ ഇംഗ്ലീഷും മലയാളവും പ്രാഥമികമായി എഴുതാനും വായിക്കാനും ആഗ്ന പഠിപ്പിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന റെക്കോർഡ് അംഗീകാരത്തിന് അർഹയാണ് ആഗ്ന. 2012- ലെ സംസ്ഥാന സർക്കാറിന്റെ മിഴിവ് ഓൺലൈൻ പുരസ്‌കാരം നേടിയ ഹ്രസ്വചിത്രത്തിലെ നായികയാണ്. ഇത്തവണത്തെ സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് കൂടിയാണ് ആഗ്നയാമി. ദേശീയതല അബാക്കസ് പരീക്ഷയിൽ രണ്ടാം റാങ്കും കരസ്ഥമാക്കിയിട്ടുണ്ട്. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യ റീഡിങ് ഒളിംപ്യാഡ് അവാർഡ്, ഇന്റർ നാഷണൽ സ്റ്റാർ കിഡ് അംഗീകാരം തുടങ്ങി നിരവധി അംഗീകാരങ്ങൾക്ക് അർഹ കൂടിയാണ് ആഗ്നയാമി.








0 comments