ഇന്ന് ലോക പ്രകൃതി സംരക്ഷണദിനം
വേരറ്റു പോകാതെ കാടിനെ കാക്കുന്നൊരാൾ

ജിതേഷ്‌ജി കോന്നിയിലെ തന്റെ തപോവനത്തിൽ ഫോട്ടോ : ജയകൃഷ്‌ണൻ ഓമല്ലൂർ
ആർ രാജേഷ്
Published on Jul 28, 2025, 12:54 AM | 1 min read
പത്തനംതിട്ട: എന്റെ ജീവിതം എന്റെ മാത്രമല്ല, അത് അനേകായിരം ജീവജാലങ്ങൾക്ക് കൂടിയുള്ളതാണെന്ന തിരിച്ചറിവാണ് ജിതേഷ്‌ജി എന്ന ഈ വേഗവരക്കാരന്റെ ലോകം വിശാലമാക്കുന്നത്. ക്യാൻവാസിന്റെ അതിരുകൾ കടന്ന്, പ്രകൃതിയെ തേടി, പ്രണയിച്ച്, ജൈവവൈവിധ്യത്തെ ആഘോഷമാക്കിയാണ് ഇദ്ദേഹത്തിന്റെ ജീവിതയാത്ര. കോന്നി എലിയറയ്‌ക്കൽ കല്ലേലി റൂട്ടിൽ പത്തേക്കർപടിയിലുള്ള തന്റെ ഏഴ് ഏക്കറിലെ രണ്ടായിരത്തോളം റബർതൈ മുറിച്ചുമാറ്റിയാണ് ഓക്‌സിജൻ ഏറ്റവും കൂടുതൽ പ്രദാനം ചെയ്യുന്ന വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചുപോരുന്നത്.
അരയാൽ, പേരാൽ, വ്യത്യസ്‌ത മുളയിനങ്ങൾ എന്നിവയാൽ നിബിഡമായ വനത്തിന്റെ പേര് ‘ഹരിതഗിരി ജീവനം തപോവന’മെന്നാണ്. ജാപ്പനീസ് സസ്യശാസ്‌ത്രജ്ഞൻ അകിരാ മിയാവാക്കിയുടെ ‘മിയാവാക്കി വനമാതൃക’യായിരുന്നു വനവൽക്കരണത്തിന് ആദ്യപടിയായി സ്വീകരിച്ചത്. കാർട്ടൂണിസ്‌റ്റെന്ന നിലയിൽ ഇദ്ദേഹത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും പ്രകൃതിസംരക്ഷണത്തിനായി ഓരോവർഷവും മാറ്റിവയ്‌ക്കുന്നു.
പത്തനംതിട്ട നരിയാപുരത്ത് വീടിനോടനുബന്ധിച്ച് മൂന്നേക്കറിൽ വനവൽക്കരിച്ചിട്ടുണ്ട്. വനവിജ്ഞാനവും മണ്ണുമര്യാദയും ജലസാക്ഷരതയും സഹസൃഷ്ടിഭാവനയും സഹജീവിസ്‌നേഹവും പുതിയ തലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ഡോ. ജിതേഷ്ജി ‘ഹരിതാശ്രമം’ പരിസ്ഥിതി പ്രസ്ഥാനത്തിനും രൂപം നൽകിയിട്ടുണ്ട്.
‘ഒരുമരം പോലെ മനോഹരമായ കവിതയില്ല ഭൂമിയിൽ’ –-കവി കൂടിയായ ജിതേഷ്ജിയുടെ വാക്കുകൾ.
366 ദിവസങ്ങളുടെയും 300ലേറെ വർഷങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളുമടക്കം ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ ഓർമയിൽനിന്ന് ഉദ്ധരിച്ച് ‘ദി ഹിസ്‌റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി നേടിയ മലയാളിയാണ് ജിതേഷ്‌ജി. രണ്ടുകോടിയിലേറെ പ്രേക്ഷകരെ ഇൻസ്‌റ്റഗ്രാമിൽ ലഭിച്ച ആദ്യ മലയാളി എന്ന സോഷ്യൽ മീഡിയ റെക്കോഡും ഇദ്ദേഹത്തിന് സ്വന്തം.
ഇരുകൈകളുമുപയോഗിച്ച് വെറും 10 മിനിറ്റിനുള്ളിൽ 100 വിഖ്യാതവ്യക്തികളുടെ രേഖാചിത്രം വരച്ച് വേഗവരയിലെ ലോക റെക്കോർഡ് നേട്ടത്തിനും ഉടമയാണ്. 1999ൽ പ്രസിദ്ധീകരിച്ച ‘നക്ഷത്രങ്ങളെ പ്രണയിച്ച ഒരാൾ’ എന്ന കവിതാസമാഹാരമാണ് പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ ആദ്യ കൃതി.









0 comments