Deshabhimani

print edition മാനവികതയുടെ മുറ്റത്ത്‌ കരുതലിന്റെ വീട്

pinarayi.

സാമൂഹ്യനീതിയും വനിതാ ശിശുവികസനവും വകുപ്പ്‌ എംപ്ലോയീസ്‌ സഹകരണസംഘം നിർമിച്ചുനൽകിയ 
സ്‌നേഹവീട്‌ ഉദ്‌ഘാടനം ചെയ്തശേഷം സ‍ൗകര്യങ്ങൾ കാണുന്ന പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ

avatar
സ്വന്തം ലേഖകൻ

Published on Sep 25, 2026, 01:30 AM | 1 min read

തിരുവനന്തപുരം : ‘സ്‌നേഹകൂട്‌’ – വീടിന്റെ ഭിത്തിയിൽ പതിപ്പിച്ച പേരുപോലെ കരുതലിൽ മനോഹരമായ വീടുയർന്നു. അടുക്കളയിൽ പാൽ തിളച്ചുതൂകുമ്പോൾ യുവാവിന്റെ കണ്ണിൽതന്നെ ചേർത്തുപിടിച്ചവരോടുള്ള സ്‌നേഹം നിറഞ്ഞു. കരുതലിൽ ഉയർന്ന വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്റെ സാന്നിധ്യം കൂടിയായപ്പോൾ സ്വപ്നനിമിഷത്തിന്‌ മിഴിവേറി. പൂജപ്പുരയിലെ സാമൂഹ്യനീതിയും വനിതാ ശിശുവികസനവും വകുപ്പ്‌ എംപ്ലോയീസ്‌ സഹകരണസംഘം ഓഫീസിലെ താൽക്കാലിക ജീവനക്കാരനായ യുവാവിന്‌, സംഘാംഗങ്ങൾ സുമനസ്സുകളുടെ സഹായത്തോടെ കാട്ടാക്കട മഠത്തിക്കോണത്ത്‌ നിർമിച്ചുനൽകിയ വീടിന്റെ കൈമാറ്റം നാട്‌ ആഘോഷമാക്കി.


മുത്തശ്ശിയുടെ മരണത്തിൽ ഒറ്റയ്ക്കായതോടെ, ജുവനൈൽ ഹോം കെയർടേക്കർ രഞ്ജിത്താണ്‌ ഇദ്ദേഹത്തെ ബാലനായിരിക്കെ സഹകരണ സംഘത്തിന്റെ ഓഫീസിലെത്തിച്ചത്. ചെറുവരുമാനമുള്ള ജോലിയും താമസിക്കാൻ ഒരിടവുമായിരുന്നു ആവശ്യം. ഓഫീസിൽ താൽക്കാലിക ജോലി ലഭിച്ചതോടെ സഹകരണസംഘം ഇദ്ദേഹത്തിന്‌ വീടും അവിടുള്ളവർ അവന്റെ വീട്ടുകാരുമായി. ഇപ്പോൾ സ്വന്തമായി വീടുമായി. സംഘത്തിലെ ഒരംഗം സ‍ൗജന്യമായി നൽകിയ മൂന്ന്‌ സെന്റ്‌ സ്ഥലത്താണ്‌ വീട്‌ നിർമിച്ചത്‌. കേരള എൻജിഒ യൂണിയന്റെ പിന്തുണയോടെയും ലൈഫ് മിഷന്റെ സഹകരണത്തോടെയുമാണ്‌ നിർമാണം പൂർത്തിയാക്കിയത്‌.


മഠത്തിക്കോണത്ത്‌ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ താക്കോൽദാനം നിർവഹിച്ചു. എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ അധ്യക്ഷനായി. വി ജോയി എംഎൽഎ വസ്‌തുവിന്റെ ആധാരം കൈമാറി. വീട്‌ നിർമാണത്തിന്‌ മേൽനോട്ടം വഹിച്ച ആർക്കിടെക്‌ നിരഞ്ജനെ ജി സ്റ്റീഫൻ എംഎൽഎ ആദരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ എസ് സുനിൽകുമാർ, ഐ ബി സതീഷ്, ജില്ലാ കമ്മിറ്റി അംഗം ഐ സാജു, കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരി, സംഘം പ്രസിഡന്റ്‌ എസ്‌ ഷിബു, സെക്രട്ടറി സതീഷ്‌ സത്യനേശൻ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് ഗോപകുമാർ, കെ പി സുനിൽകുമാർ, യൂണിയൻ സൗത്ത് ജില്ലാ പ്രസിഡന്റ് ജി ഉല്ലാസ്‌കുമാർ, സെക്രട്ടറി ഷിനു റോബർട്ട് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home