സാക്ഷരതാ മിഷനെ വരുതിയിലാക്കാൻ ഗൂഢനീക്കം; പിന്നിൽ മന്ത്രി ഓഫീസ്

തിരുവനന്തപുരം: സാക്ഷരതാ മിഷനെ വരുതിയിലാക്കി താത്പര്യങ്ങൾ നടപ്പാക്കാൻ മന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ ഗൂഢനീക്കം. നിരക്ഷരർക്ക് അക്ഷരം പകർന്നു നൽകുകയും കേരളത്തെ സമ്പൂർണ സാക്ഷരതയിലേയ്ക്ക് നയിക്കുകയും ചെയ്‌തതിലൂടെ ലോകത്തിനു തന്നെ മാതൃകയായ മഹാപ്രസ്ഥാനത്തെയാണ് യുഡിഎഫ് സർക്കാർ തകർക്കുന്നത്. നിലവിലുള്ള പ്രേരക്മാർ അടക്കമുള്ള ജീവനക്കാർക്കുമേൽ അമിത സമ്മർദ്ദം അടി ച്ചേൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്.
ഇത്തരത്തിൽ ജീവനക്കാരെ മടുത്ത് ഒഴിഞ്ഞുപോകാൻ നിർബന്ധിതരാക്കുകയാണ്. അതിലൂടെ തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കുകയും മറ്റു താൽപ്പര്യങ്ങൾ നടപ്പാക്കുന്നത് സുഗമാക്കുകയുമാണ് ലക്ഷ്യം. പുതിയ സർക്കാർ വന്നതോടെ രാഷ്‌ട്രീയ താൽപ്പര്യങ്ങളുടെ പേരിൽ സാക്ഷരതാ പ്രസ്ഥാനത്തെ തകർക്കുകയാണെന്ന് കഴിഞ്ഞ ഓൺലൈൻ യോഗത്തിൽ പ്രേരക്‌മാർ പറഞ്ഞിരുന്നു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്‌ടറോ ജില്ലാ കോർഡിനേറ്ററോ ഇടപെടേണ്ട വിഷയങ്ങളിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നേരിട്ടാണ് ഇടപെടുന്നതെന്നും പ്രേരക്മാർ വെളിപ്പെടുത്തി.
മൂന്ന് മേഖലകളായി തിരിച്ച് സംസ്ഥാനത്തെ മുഴുവൻ പ്രേരക്മാരും പങ്കെടുത്ത യോഗത്തിൽ പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി ഡോ. കെ സജിത് ബാബുവിനെ പ്രേരക്‌മാർ പ്രതിഷേധം അറിയിച്ചിരുന്നു. സാക്ഷരതാ മിഷൻ ഡയറക്‌ടർ അഹമ്മദ് കബീർ, അസിസ്റ്റന്റ് ഡയറക്ടർ കെ എം ഫവാസ് എന്നിവർക്കെതിരെയും വിമർശനം ഉയർന്നു. സംസ്ഥാന സാക്ഷരതാ മിഷൻ ഓഫീസിൽ ഡയറക്ടർ അടക്കമുള്ളവരുടെ ജോലിയെന്താണെന്ന് പ്രേരക്‌മാർ ചോദിച്ചതോടെ മേഖലായോഗങ്ങൾ അവസാനിപ്പിച്ച് അധികൃതർ തടിതപ്പി.
എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും രജിസ്‌ട്രേഷനായി പ്രേരക്മാർ വീടുകളിലെത്തണമെന്ന് ഡയറക്ടർ നിർദേശിച്ചു. മന്ത്രി ഓഫീസിന്റെ ഇടപെടലോടെ രജിസ്‌ട്രേഷൻ നടക്കാത്തതിനാൽ ആഗസ്‌തിൽ തുടങ്ങേണ്ടിയിരുന്ന തുല്യതാ പഠനക്ലാസുകൾ മുടങ്ങി. സാക്ഷരത മിഷൻ ഡയറക്ടറായി നിയമിതനായ അഹമ്മദ് അബ്‌ദുൽ കബീർ ബിഹാർ യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസറാണ്. മലയാളത്തിൽ പ്രാവീണ്യമില്ലാത്ത അബ്‌ദുൽ കബീർ മറ്റൊരാളുടെ സഹായത്തോടെയാണ് കാര്യങ്ങൾ മനസിലാക്കുന്നതെന്ന് ആക്ഷേപമുണ്ട്. വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ കാണാൻ ഡയറക്‌ടർ കൂട്ടാക്കുന്നില്ലെന്ന് സഹപ്രവർത്തക തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അജ്ഞത മുതലെടുത്ത് മറ്റ് ചിലരാണ് സാക്ഷരതാ മിഷൻ ഭരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.









0 comments