പത്തുവയസുകാരിയെ കടന്നു പിടിച്ചു; 76കാരന് പത്തുവർഷം തടവും 10000 രൂപ പിഴയും

തിരുവനന്തപുരം: പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്തു പിടിച്ച കേസിൽ 76കാരന് പത്തുവർഷം തടവും 10000 രൂപ പിഴയും. മുട്ടത്തറ വില്ലേജിൽ അംബിക ഭവൻ വീട്ടിൽ ശിവശങ്കരൻ പിള്ള മകൻ ദേവദാസിനെയാണ് (76) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ. രേഖ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.
2023 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ പഠിപ്പിക്കവേ കുട്ടിയുടെ സ്വകാര്യഭാഗത്ത് പ്രതി കടന്നു പിടിക്കുകയായിരുന്നു. ക്ലാസ്സിൽ മറ്റു കുട്ടികൾ ഇല്ലാത്ത സമയത്താണ് പ്രതിയുടെ അക്രമം. ഭയന്ന കുട്ടി അക്രമത്തിന്റെ വിവരം പുറത്ത് ആരോടും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് ട്യൂഷൻ ക്ലാസ്സിൽ പോകാൻ കുട്ടി വിസമ്മതിച്ചതിനെ തുടർന്ന് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ട്യൂഷൻ സെൻ്ററിൻ്റെ പ്രിൻസിപ്പാളിനോടും പറഞ്ഞിരുന്നു. പ്രിൻസിപ്പാളും വീട്ടുകാരും കൂടി ചേർന്ന് ചൈൽഡ് വെൽഫയർ സെന്ററിൽ അറിയിച്ചു. വിവരമറിഞ്ഞ് തമ്പാനൂർ പോലീസ് കേസ് എടുത്തു. ഭാര്യയും താനും രോഗികൾ ആണെന്നും മക്കൾ ഇല്ലെന്നും അതിനാൽ ശിക്ഷ കുറയ്ക്കണമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചു. എന്നാൽ അധ്യാപകനായ പ്രതി ചെയ്ത കൃത്യത്തിന് യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു.
പ്രോസിക്യൂഷൻ കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ വൈ അഖിലേഷ് എന്നാവർ ഹാജരായി. തമ്പാനൂർ എസ്ഐ വി എസ് രഞ്ജിത്ത്, എസ്ഐ എസ് ജയശ്രീ എന്നിവരാണ് അന്വേഷണം നടത്തിയത്.








0 comments