വൻ ലഹരിവേട്ട: ആഡംബര ഹോട്ടലിൽനിന്ന് മയക്കുമരുന്നുമായി 8 പേർ പിടിയിൽ

ഷാജി ഫെർണാണ്ടോ, ജീനോ മുരളി, രോഹിത് നായർ, ബെൻസി റാവുത്തർ, സെയ്തലി ഫാത്തിമ, അക്ബർ ഷാ, ഓസ്റ്റിന ജോസ്, അമൽ റൗഫ്
കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലിൽനിന്ന് വിവിധയിനം മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. സ്ഥിരമായി റൂമെടുത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ഇവന്റ് മാനേജ്മെന്റ് ഉടമ തിരുവനന്തപുരം ശംഖുമുഖം ലീല ഹൗസിൽ ഷാജി ഫെർണാണ്ടോ (ഷോൺ – 44), ഇടപ്പള്ളി റെസ്റ്റോറന്റ് ഉടമ കലൂർ കെന്റ് പാം ഫ്ലാറ്റിൽ ഓസ്റ്റിൻ ജോസ് (31), കലൂർ ലോട്ടസ് വീട്ടിൽ അഡ്വ.രോഹിത് നായർ (25), കെമിക്കൽ ട്രീറ്റ്മെന്റ് ബിസിനസുകാരനായ ആലുവ കടുങ്ങല്ലൂർ ഒബ്രോൺ അപ്പാർട്മെന്റിൽ ജിനോ മുരളി, ന്യൂട്രീഷ്യനായ ആലപ്പുഴ നൂറനാട് ഇലവുകാട്ടയ്യത്തുതെക്കേതിൽ അക്ബർ ഷാ (30), ദന്തഡോക്ടറായ പന്തളം മെയ്‌ഫെയർ ബെൻസി റാവുത്തർ (29), ഫിസിയോ തെറാപ്പിസ്റ്റായ കൊല്ലം ചടയമംഗലം എസ്‌ആർഎച്ച് വീട്ടിൽ സെയ്തലി ഫാത്തിമ (29), ഏവിയേഷൻ വിദ്യാർഥിനി കണ്ണൂർ അഞ്ചരക്കണ്ടി പൂക്കൊത്തുപാളയം അമൽ റൗഫ് (26) എന്നിവരാണ് പിടിയിലായത്.
ഹോട്ടൽമുറിയിൽ നടത്തിയ പരിശോധനയിൽ അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്‌ൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ കണ്ടെടുത്തു. ഇവന്റ് മാനേജ്മെന്റ് ഉടമയായ ഷോൺ അതിന്റെ മറവിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്. കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദേശപ്രകാരം ഡിജെ പാർട്ടി നടക്കുന്ന സ്ഥലങ്ങളിലെ നിരീക്ഷണത്തിനിടെയാണ് ഇവർ കുടുങ്ങിയത്. കടവന്ത്ര എസ്‌എച്ച്‌ഒ ആർ ബിജു, എസ്‌ഐ പി ആർ രാജീവ്, എഎസ്‌ഐ രാജേഷ്, ഡാൻസാഫ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.










0 comments