print edition സിമെറ്റിനുകീഴില്‍ 8 പുതിയ നഴ്‌സിങ് കോളേജുകള്‍ തുടങ്ങി: മന്ത്രി

സിമെറ്റ് ആസ്ഥാനമന്ദിരത്തിന്റെയും മുട്ടത്തറ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് കെട്ടിടത്തിന്റെയും കല്ലിടൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആൻഡ് ടെക്‌നോളജി (സിമെറ്റ്)ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയും പുരോഗതിയും കൈവരിക്കാന്‍ കഴിഞ്ഞതായി മന്ത്രി വീണാ ജോര്‍ജ്. ഈ കാലയളവില്‍ എട്ടു പുതിയ നഴ്‌സിങ് കോളേജുകള്‍ ആരംഭിച്ചു. 2400 വിദ്യാര്‍ഥികള്‍ സിമെറ്റിന്റെ കീഴില്‍ പഠിക്കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് 21 നഴ്‌സിങ് കോളേജുകളാണ് സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
സിമെറ്റ് ആസ്ഥാനമന്ദിരത്തിന്റെയും മുട്ടത്തറ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് കെട്ടിടത്തിന്റെയും കല്ലിടൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
സിമെറ്റിലെ എല്ലാ അഡ്മിഷനും എല്‍ബിഎസ് മുഖേന മെറിറ്റ് അടിസ്ഥാനത്തിലാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സിമെറ്റില്‍ 223 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 150 അധ്യാപക തസ്തികകളും 73 അനധ്യാപക തസ്തികകളും സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനായി. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഡോ. കെ വി വിശ്വനാഥന്‍, കേരള ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എസ് ഗോപകുമാര്‍, സിമെറ്റ് ഡയറക്ടര്‍ ഡോ. ആശ എസ് കുമാര്‍, എസ് എ അനീസ, ഡോ. ജി മിനി എന്നിവര്‍ സംസാരിച്ചു.










0 comments