print edition അഞ്ചുവർഷം; 7 ലക്ഷം കുടുംബങ്ങൾക്ക് കാർഡ്: 65,000 മുൻഗണനാ കാർഡുകളുടെ വിതരണം ഉടൻ

സുനീഷ് ജോ
Published on Mar 07, 2026, 12:03 AM | 1 min read
തിരുവനന്തപുരം: ഒരാഴ്ചയ്‌ക്കകം 65,000 മുൻഗണനാ റേഷൻ കാർഡുകൾകൂടി സംസ്ഥാനത്ത് വിതരണം ചെയ്യും. ഇതോടെ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഏഴ് ലക്ഷം മുൻഗണനാ കാർഡ് തരംമാറ്റി വിതരണം ചെയ്തെന്ന റെക്കോർഡിലെത്തും. ജനുവരിയിൽ 35,000ലേറെ കാർഡുകൾ നൽകിയിരുന്നു. തുടർന്ന് ഫെബ്രുവരി 24 വരെ സമർപ്പിച്ച ഓൺലൈൻ അപേക്ഷകളിലാണ് ഭക്ഷ്യവകുപ്പ് വേഗത്തിൽ പരിശോധന പൂർത്തിയാക്കി കൂടുതൽ കാർഡുകൾ എത്തിക്കുന്നത്. സ്വമേധയാ സറണ്ടർ ചെയ്യാൻ അവസരം നൽകിയതിലൂടെയും ‘ഓപ്പറേഷൻ യെല്ലോ’ എന്ന തീവ്രപരിശോധനയിലൂടെയും അനർഹർ കൈവശംവച്ച കാർഡുകൾ മടക്കിവാങ്ങി അർഹർക്ക് വിതരണം ചെയ്‌തു.
കഴിഞ്ഞ മേയിൽ മസ്‌റ്ററിങ് പൂർത്തിയായപ്പോൾ ഒരുലക്ഷത്തിലേറെ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ ഒഴിവ് വന്നിരുന്നു. അത്രയുംപേർക്ക് കാർഡുകൾ തരംമാറ്റിനൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതുവരെ വിതരണം ചെയ്തതിൽ 6.35 ലക്ഷം കാർഡുകളിൽ 60,000 കാർഡുകൾ എഎഐ കാർഡുകളാണ്(മഞ്ഞകാർഡുകൾ). ബാക്കി പിഎച്ച്‌എച്ച് കാർഡുകളാണ് (പിങ്ക് കാർഡ്). 2013 ലെ എൻഎഫ്‌എസ്‌എ നിയമംകാരണം സംസ്ഥാനത്തെ 57 ശതമാനംപേരും റേഷൻ കവറേജിന് പുറത്താണ്. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ പരമാവധി സംഖ്യ 1,54,80,040 ആയി കേന്ദ്രസർക്കാർ നിശ്‌ചയിച്ചു. ഇതിൽപ്പെടാത്തവർ ഭക്ഷ്യധാന്യ വിഹിതത്തിനുമാത്രമല്ല ചികിത്സ ഉൾപ്പെടെയുള്ള മറ്റുപല ആനുകൂല്യത്തിൽനിന്നും പുറന്തള്ളപ്പെട്ടു.
മുൻഗണനേതര വിഭാഗത്തെ നീല, വെള്ള കാർഡുകാരായിതിരിച്ച് ടൈഡ് ഓവർ വിഹിതത്തിൽനിന്ന് ഭക്ഷ്യധാന്യം നൽകിവരികയാണ്.പ്രത്യേക താമസസ്ഥലം ഇല്ലാത്തവരും അലഞ്ഞ് തിരിയുന്നവരുമായ എല്ലാവരെയും അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി തദ്ദേശവകുപ്പിന്റെ സർവേയിലൂടെ കണ്ടെത്തി കാർഡുകൾ നൽകിയിരുന്നു. മഞ്ഞ കാർഡിന് മാസത്തിൽ 30 കിലോ അരിയും പിങ്ക് കാർഡിൽ കുടുംബത്തിലെ ഓരോ അംഗത്തിനും നാലുകിലോ അരി വീതവും സൗജന്യമാണ്. അഞ്ചുകിലോ ഗോതന്പും ലഭിക്കും.









0 comments