print edition 64,525 സീറ്റിൽ വിദ്യാർഥികളില്ല: പ്ലസ് വൺ സീറ്റ് അനുവദിച്ചത് ആർക്കുവേണ്ടി

പ്രതീകാത്മക ചിത്രം

ബിജോ ടോമി
Published on Oct 19, 2026, 12:29 AM | 1 min read
തിരുവനന്തപുരം: വടക്കൻ കേരളത്തിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനെന്ന വ്യാജേന യുഡിഎഫ് സർക്കാർ നടത്തിയത് തീവെട്ടിക്കൊള്ള. പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത് ആകെ 64,525 സീറ്റ്. പൊതുവിദ്യാലയങ്ങളിൽ മാത്രം 34,506 സീറ്റ്. 2026–27 അധ്യയന വർഷം താൽക്കാലിക അധിക ബാച്ച് അനുവദിച്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഒഴിവുള്ളത് 18,136 സീറ്റ്. 120 ബാച്ചുകളാണ് അനുവദിച്ചത്. ഒരു ബാച്ചിൽ 50 കുട്ടികൾ കണക്കാക്കിയാൽ 6,000 സീറ്റ്. എന്നാൽ ഇൗ ജില്ലകളിലായി 6,574 സീറ്റുകളാണ് പൊതുവിദ്യാലയങ്ങളിൽ മാത്രം ഒഴിഞ്ഞു കിടക്കുന്നത്.
120 ബാച്ചുകൾ അനുവദിച്ചതിൽ 90ഉം എയ്ഡഡ് മേഖലയ്ക്കായിരുന്നു. ബാച്ചുകൾ അനുവദിച്ചതിലൂടെ അധ്യാപക-, അനധ്യാപക തസ്തികകൾ സൃഷ്ടിക്കാനും ഒരു തസ്തികയ്ക്ക് കുറഞ്ഞത് ഒരു കോടി രൂപ വീതം കോഴ വാങ്ങാനുമുള്ള ഗൂഢാലോചനയാണ് നടപ്പാക്കിയത്. കോഴപ്പണം യുഡിഎഫ് - മുസ്ലിം ലീഗ് നേതൃത്വവും എയ്ഡഡ് മാനേജ്മെന്റുകളും ചേർന്ന് പങ്കിട്ടെടുക്കും. ഒരു ബാച്ചിൽ നാല് തസ്തികകൾ വരെയാണ് സൃഷ്ടിക്കപ്പെടുന്നത്. സർക്കാർ സ്കൂളുകളെ തഴഞ്ഞു.
മലപ്പുറത്ത് ആകെ അനുവദിച്ച 60 ബാച്ചുകളിൽ 48ഉം എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്കാണ്. എയ്ഡഡ് സ്കൂളുകളിൽ പുതിയ പ്ലസ്വൺ ബാച്ചുകൾ ഉറപ്പാക്കാൻ മലപ്പുറത്തെ യുവ ലീഗ് എംഎൽഎയുടെ നേതൃത്വത്തിൽ ഇടപെട്ടത് വിവാദമായിരുന്നു. കുട്ടികൾ ഇല്ലാത്തതിനാൽ നിരവധി ബാച്ചുകൾ ഇല്ലാതായി. കൃത്യമായ കണക്ക് നോമിനൽ ലിസ്റ്റ് നവംബർ ആദ്യ ആഴ്ചയിൽ പൂർത്തീകരിക്കുന്ന മുറയ്ക്ക് ലഭ്യമാകും. ഇൗ ബാച്ചുകൾ പുനർവിന്യസിച്ചിരുന്നെങ്കിൽ ചിലയിടങ്ങളിലുണ്ടായിരുന്ന സീറ്റ് ക്ഷാമം പരിഹരിക്കാമായിരുന്നു. എൽഡിഎഫ് സർക്കാർ മാർജിനൽ സീറ്റുകൾ അനുവദിച്ചും മറ്റ് ജില്ലകളിലുണ്ടായിരുന്ന അധിക ബാച്ചുകളെ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക് മാറ്റിയുമാണ് പരിഹാരം കണ്ടെത്തിയത്. ഇത്തവണ 4,10,456 വിദ്യാർഥികളാണ് എസ്എസ്എൽസി വിജയിച്ചത്. ആകെ 4,47,311 സീറ്റുകളുണ്ട്. 3,82,786 വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി.









0 comments