ശിശുക്ഷേമ സമിതിയിൽ 6 കുഞ്ഞുങ്ങൾ ദത്തുപോയി
print edition ‘ഹൃദയംകൊണ്ട് ഞങ്ങൾ പ്രസവിച്ച കുഞ്ഞ്’

ശിശുക്ഷേമ സമിതിയിൽനിന്ന് ബുധനാഴ്ച ദത്തുനൽകിയ കുഞ്ഞുമായി അച്ഛൻ. ഫോട്ടോ: നിലിയ വേണുഗോപാൽ

സ്വാതി സുജാത
Published on May 14, 2026, 01:08 AM | 1 min read
തിരുവനന്തപുരം : "ഇതൊരു ഔദ്യോഗിക നടപടിക്രമമാണെന്ന് ഒരിക്കൽപോലും തോന്നിയിട്ടില്ല. ഒരു അമ്മ 10 മാസം കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നതുപോലെ, കഴിഞ്ഞ മൂന്ന് വർഷമായി ഈ കുഞ്ഞിനെ ഞങ്ങളുടെ മനസ്സിൽ ചുമക്കുകയായിരുന്നു. ഇതൊരു പ്രസവം തന്നെയാണ്... ഹൃദയംകൊണ്ടുള്ള പ്രസവം!
ശിശുക്ഷേമ സമിതിയിൽനിന്ന് ബുധനാഴ്‌ച ദത്തുപോയ ആറുകുട്ടികളിൽ ഒരാളെ സ്വന്തമാക്കാൻ ചെന്നൈയിൽനിന്നെത്തിയ ദമ്പതികൾ അവരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ യാത്ര സന്തോഷത്തോടെ വിവരിച്ചു. 2022-ൽ തുടങ്ങിയതാണീ യാത്ര. ഞങ്ങളുടെ കുഞ്ഞ് എവിടെയായിരിക്കും, അവൻ എന്ത് ചെയ്യുകയായിരിക്കും എന്നതായിരുന്നു ചിന്ത.
വെയിറ്റിങ് ലിസ്റ്റിലെ ആ വലിയ സംഖ്യകൾക്കിടയിൽ ഞങ്ങളുടെ ഊഴത്തിനായി കാത്തിരുന്നു. രേഖകൾ തയ്യാറാക്കുമ്പോഴും പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുമ്പോഴും മെഡിക്കൽ പരിശോധനകൾ നടത്തുമ്പോഴുമെല്ലാം ഉള്ളിൽ ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ -കുഞ്ഞിലേക്ക് എത്രയും വേഗം എത്തുക. അവന്റെ ഫോട്ടോയും മെഡിക്കൽ റിപ്പോർട്ടും കൈയിൽ കിട്ടിയപ്പോൾ അനുഭവിച്ച സന്തോഷം വാക്കുകൾകൊണ്ട് വിവരിക്കാനാകില്ല.
ഇന്ന് ഞങ്ങളുടെ വീട്ടിൽ എല്ലാവരും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ദത്തെടുക്കലെന്നത് വെറുമൊരു നിയമമല്ല, അത് സ്നേഹത്തിന്റെ ആവിഷ്കാരമാണ്. ഞങ്ങളുടെ വീട് ഇനി പൂർണമാകാൻ പോകുകയാണ്.
മിനിറ്റുകൾക്കുള്ളിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൈയിൽ കിട്ടിയപ്പോൾ ഇരുവരും പൊട്ടിക്കരഞ്ഞു. ഒരു പെൺകുഞ്ഞ് ഉൾപ്പെടെ ആറുകുട്ടികളെയാണ് ദത്തുനൽകിയത്. മൂന്നുമാസംമുതൽ എട്ടുമാസംവരെ പ്രായമുള്ള കുഞ്ഞുങ്ങളാണ്. തമിഴ്‌നാട്, കർണാടകം, കേരളം എന്നിവിടങ്ങളിലുള്ളവരാണ് രക്ഷിതാക്കൾ. ഒരാൾ ഏക രക്ഷിതാവാണ് (സിംഗിൾ പാരന്റ്). അവർ ഭിന്നശേഷികുട്ടിയെയാണ് ദത്തെടുത്തത്. ഒമ്പതുകുഞ്ഞുങ്ങളെ ദത്തുനൽകാനായിരുന്നു തീരുമാനം. ഒരു അപേക്ഷ നിരസിക്കുകയും രണ്ടെണ്ണം വിശദപരിശോധനക്ക‍് മാറ്റുകയും ചെയ്തു. ചടങ്ങിൽ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി, എസ് ജെ സുജ, ഡോ. ഗ്ലാഡി ജോർജ്, അൽഫിയ ഹസൻ എന്നിവരും പങ്കെടുത്തു.
3 വർഷം, 226 കുഞ്ഞുങ്ങൾ
ശിശുസംരക്ഷണ സ്ഥാപനങ്ങളിൽനിന്ന് മൂന്നുവർഷത്തിനിടെ വിദേശത്തേക്ക് ഉൾപ്പെടെ 226 കുഞ്ഞുങ്ങളെയാണ് ദത്തുനൽകിയത്. 27 കുട്ടികളെയാണ് വിദേശരാജ്യങ്ങളിൽനിന്നുള്ളവർ ദത്തെടുത്തത്. സെൻട്രൽ അഡോപ്ഷൻ റെഗുലേഷൻ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തവർക്കാണ് കുട്ടികളെ നൽകുന്നത്. അഡോപ്ഷൻ കമ്മിറ്റിയാണ് യോഗ്യതാ പരിശോധന നടത്തിയത്.










0 comments