print edition 5 വർഷം; 7.86 ലക്ഷം മുൻഗണനാ കാർഡുകൾ


സ്വന്തം ലേഖകൻ
Published on Mar 14, 2026, 12:00 AM | 1 min read
തിരുവനന്തപുരം: 65,000 കുടുംബങ്ങൾക്കുകൂടി കാർഡുകൾ ലഭ്യമായതോടെ, അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്ത് പുതുതായി മുൻഗണനാ റേഷൻ കാർഡുകൾ ലഭിച്ച കുടുംബങ്ങളുടെ എണ്ണം 7,85,280 ആയി. അർഹതയുണ്ടായിട്ടും കേന്ദ്രനിയമത്തിന്റെ പരിമിതിമൂലം മുൻഗണനാ പട്ടികയിൽ ഉൾപ്പെടാതെപോയ എട്ടുലക്ഷത്തോളം കുടുംബങ്ങൾക്കാണ ആശ്വാസമായത്.
അർഹരായ എല്ലാവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുമെന്നത് എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്‌ദാനമായിരുന്നു. ഇതിനായി അനർഹമായി കാർഡുകൾ കൈവശം വെച്ചിരുന്നവർക്ക് പിഴയില്ലാതെ തിരിച്ചേൽപ്പിക്കാൻ അവസരം നൽകി. ഇതുവഴി 2,17,665 കാർഡുകൾ സ്വമേധയാ തിരിച്ചെത്തി. എന്നിട്ടും തിരിച്ചേൽപ്പിക്കാത്ത 17,596 കാർഡുകൾ കണ്ടുകെട്ടുകയും 4.19 കോടി രൂപ പിഴ ഈടാക്കുകയുംചെയ്തു. ഇത്തരത്തിലുള്ള ശുദ്ധീകരണ പ്രക്രിയയിലൂടെയാണ് ഇത്രയും കാർഡുകൾ നൽകാനായത്. മുൻഗണനാ കാർഡുകൾ ലഭിക്കുന്നതോടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യം മാത്രമല്ല, ചികിത്സാ സഹായവും മാസം 1,000 രൂപ വീതം ലഭിക്കുന്ന മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷയും ഉറപ്പാക്കപ്പെടുന്നു.
കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം അയ്യൻകാളി ഹാളിൽ മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ഏഴു ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണ പൂർത്തീകരണ പ്രഖ്യാപനം, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ ‘വിഷൻ 2031' രേഖകൾ, ‘ഭക്ഷ്യ ഭദ്രതയിൽനിന്ന് പോഷക ഭദ്രതയിലേക്ക്' പുസ്തകത്തിന്റെ പ്രകാശനം, ഉപഭോക്താക്കളുടെ ബോധവൽകരണത്തിനായുള്ള വീഡിയോ റീലുകളുടെ പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു. വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം അധ്യക്ഷനായി. വാർഡ് കൗൺസിലർ എസ് ഷെർളി, പൊതുവിതരണ- ഉപഭോക്തൃകാര്യ കമീഷണർ കെ ഹിമ, ലീഗൽ മെട്രോളജി കൺട്രോളർ ആർ റീനാ ഗോപാൽ എന്നിവർ സംസാരിച്ചു.










0 comments