ad
Deshabhimani

print edition നവകേരള സൃഷ്‌ടിക്ക്‌ ജനങ്ങളിൽനിന്ന്‌ 47 ലക്ഷം നിർദേശം

Nava Keral.JPG
avatar
സ്വന്തം ലേഖകൻ

Published on Mar 20, 2026, 01:53 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ വികസന, ക്ഷേമപ്രവർത്തനങ്ങളിലുള്ള ജനങ്ങളുടെ അഭിപ്രായവും നിർദേശവും കേൾക്കുന്ന സിറ്റിസൺസ്‌ റെസ്‌പോൺസ്‌ പ്രോഗ്രാമിന്റെ ആദ്യഘട്ടത്തിൽ ലഭിച്ചത്‌ 46,84,431 നിർദേശം. കർമസേനാംഗങ്ങൾ വീടുകളിലെത്തി ശേഖരിച്ചതും പൊതുകൂട്ടായ്‌മകളിൽനിന്ന്‌ ലഭിച്ചതും ഉൾപ്പെടെയാണിത്‌. 49,73,021 വീട്‌ കർമസേനാംഗങ്ങൾ സന്ദർശിച്ചു.


നവകേരള ലക്ഷ്യം സാക്ഷാത്‌കരിക്കാൻ ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ജനങ്ങളില്‍നിന്ന്‌ സമാഹരിക്കുക, നടപ്പാക്കുന്ന വികസന-ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള അഭിപ്രായം പഠിക്കുക, പദ്ധതികൾ എല്ലായിടത്തും ആവശ്യകതയ്‌ക്കനുസരിച്ച്‌ ലഭ്യമായോ എന്ന കാര്യത്തില്‍ അഭിപ്രായം തേടുക, പുതിയ തൊഴിലവസരം, വികസന പദ്ധതികള്‍ എന്നിവയില്‍ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയായിരുന്നു ലക്ഷ്യം. വികസിത രാജ്യങ്ങളിലെ മധ്യവരുമാന വിഭാഗങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരള ജനതയെ ഉയർത്തുകയാണ്‌ ലക്ഷ്യം.


ചാര്‍ജ് ഓഫീസര്‍മാര്‍, പരിശീലകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കില തീമാറ്റിക് വിദഗ്‌ധർ എന്നിവര്‍ വിവിധ തലങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. കുടുംബശ്രീ മിഷൻ ഉദ്യോഗസ്ഥരും സിഡിഎസ്‌ ചെയർപേഴ്‌സൺമാരും നേതൃത്വം നല്‍കി. സംസ്ഥാന സാമൂഹിക സന്നദ്ധസേനയില്‍ രജിസ്റ്റര്‍ ചെയ്‌തവരില്‍നിന്ന്‌ താൽപര്യം അറിയിച്ചവരെയാണ്‌ കർമസേനയിലുൾപ്പെടുത്തിയത്. ജനുവരി ഒന്നു മുതൽ മാര്‍ച്ച്‌ 15 വരെ 48,906 പേരാണ് ഗൃഹസന്ദര്‍ശനം നടത്തിയത്. പുറമേ 40,548 പൊതുകൂട്ടായ്‌മ ചര്‍ച്ചകളിൽ ഏഴു ലക്ഷത്തോളം പേർ പങ്കെടുത്തു. പോർട്ടൽ വഴി അഭിപ്രായമറിയിച്ചത്‌ 7851 പേർ. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചുള്ള അന്തിമ റിപ്പോര്‍ട്ട്‌ തയ്യാറായിവരികയാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home