റെക്കോർഡുകൾ ഭേദിച്ച് ഗുരുവായൂരിൽ കല്യാണമേളം; ഇന്ന് നടന്നത് 444 വിവാഹങ്ങൾ

പ്രതീകാത്മക ചിത്രം, എഐ നിർമിതം
തൃശൂർ: 2024 സെപ്റ്റംബർ എട്ടിലെ റെക്കോർഡ് തകർത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണമേളം. 444 വിവാഹങ്ങളാണ് ഇന്ന് നടന്നത്. 2024 ലെ 344 വിവാഹങ്ങളെന്ന റെക്കോർഡാണ് ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച (ആഗസ്ത് 23) പൊട്ടിച്ചത്. വിപുലമായ സൗകര്യങ്ങളാണ് വിവാഹത്തിനായി ഗുരുവായൂരിൽ സജ്ജമാക്കിയിരിക്കുന്നത്.
ക്ഷേത്രം കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമൻ എ വി ഗോപിനാഥ് ഭദ്രദീപം തെളിയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. പുലർച്ചെ നടന്ന ആദ്യ വിവാഹം കണ്ണൂർ തലശേരി സ്വദേശി ആർണവ് മോഹനന്റെയും കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന്റെയുമായിരുന്നു. തുടർന്ന് മറ്റ് അഞ്ച് മണ്ഡപങ്ങളിലും ഒരേ സമയത്ത് വിവാഹങ്ങൾ നടന്നു. ആറ് മണ്ഡപങ്ങളാണ് വിവാഹത്തിനായി ഒരുക്കിയിരുന്നത്.
വെളുപ്പിന് നാലു മണി മുതൽ താലികെട്ടിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് കൂടുതൽ കോയ്മമാരെ നിയോഗിച്ചു. വരനും വധുവും അടുത്ത ബന്ധുക്കളും ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെ 24 പേർക്ക് മാത്രമായിരുന്നു പ്രവേശനം. താലികെട്ടു നടക്കുമ്പോൾ വരനും വധുവിനുമൊപ്പം രണ്ടു പേരുടെയും മാതാപിതാക്കളും കുടുംബാംഗങ്ങളുമായി അഞ്ചോ ആറോ പേർക്ക് കതിർമണ്ഡപത്തിലേക്കു കയറാനും അനുമതിയുണ്ട്.










0 comments