ad
Deshabhimani

പീച്ചി ഡാമിൽ 4 കുട്ടികൾ മുങ്ങി;
ഒരാൾ മരിച്ചു: 2 പേരുടെ നില ഗുരുതരം

PEECHI DAM
വെബ് ഡെസ്ക്

Published on Jan 13, 2025, 04:01 AM | 1 min read

പീച്ചി: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത്‌ ഇറങ്ങിയ നാല്‌ വിദ്യാർഥിനികൾ വെള്ളത്തിൽ മുങ്ങി, ഒരാൾ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന ഷാജനാണ് (16) മരിച്ചത്. ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കൾ പുലർച്ചെ 12.30ഓടെയായിരുന്നു മരണം. വെന്റിലേറ്ററിലുള്ള രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ മുരിങ്ങത്തുപ്പറമ്പിൽ എറിൻ ബിനോജ് (16), പാറശ്ശേരി ആൻഗ്രേയ്‌സ് സജി (16), പീച്ചി തെക്കേക്കുളം പുളിയമാക്കൽ ജോണിയുടെ മകൾ നിമ (13) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ സെന്റ്‌ക്ലയേഴ്‌സ്‌ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനികളാണിവർ.


ഇതില്‍ നിമ അപകടനില തരണം ചെയ്‌തു. നിമയുടെ സഹോദരി ഹിമയുടെ കൂട്ടുകാരികളാണ്‌ മറ്റുള്ളവർ. പെരുന്നാളാഘോഷത്തിന്‌ ഹിമയുടെ വീട്ടിൽ വിരുന്നുവന്ന ഇവർ ഒന്നിച്ചാണ്‌ ഡാം പരിസരത്തേക്ക്‌ പോയത്‌. ഹിമ അപകടത്തിൽപ്പെട്ടില്ല. ഹിമയുടെ കരച്ചിൽ കേട്ടാണ്‌ നാട്ടുകാർ ഓടിക്കൂടിയത്‌. തുടര്‍ന്ന് നട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.

ഞായറാഴ്‌ച പകൽ മൂന്നിന്‌ തെക്കേക്കുളം അങ്കണവാടിക്കുസമീപമുള്ള റിസർവോയർ പ്രദേശത്താണ്‌ കുട്ടികൾ ഇറങ്ങിയത്‌.


30 അടിയോളം താഴ്ചയുള്ളയിവിടെ കുട്ടികള്‍ കാൽവഴുതി വീഴുകയായിരുന്നെന്ന്‌ കരുതുന്നു. ലൈഫ്‌ ഗാർഡ്‌ മേജോ തേക്കേകര കുട്ടികൾക്ക്‌ കൃത്രിമ ശ്വാസം നൽകി. കുത്തനെയുള്ള കയറ്റത്തിലൂടെ കുട്ടികളെ ചുമന്ന്‌ ആംബുലൻസിൽ എത്തിച്ചു. മന്ത്രി കെ രാജൻ ആശുപത്രിയിൽ എത്തി വിദഗ്‌ധ ചികിൽസയ്‌ക്ക്‌ മെഡിക്കൽ ബോർഡ്‌ രൂപീകരിക്കാനുൾപ്പടെ നിർദേശം നൽകി. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം കുട്ടികളുടെ സ്ഥിതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home