ad
Deshabhimani

സ്കൂട്ടർ പോസ്റ്റിലിടിച്ച് 3 എംബിബിഎസ്
വിദ്യാർഥികൾ മരിച്ചു

accident death kkd
വെബ് ഡെസ്ക്

Published on Mar 19, 2026, 01:16 AM | 1 min read

കോഴിക്കോട്: ​ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിലിടിച്ച് മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. കൊയിലാണ്ടി – ഉള്ള്യേരി സംസ്ഥാന പാതയിൽ കൊയിലാണ്ടി നഗരത്തിൽനിന്ന് രണ്ട് കിലോമീറ്റർ കിഴക്ക് കുറുവങ്ങാട് അക്വഡക്റ്റിന് സമീപം ബുധൻ പുലർച്ചെ 1.40നായിരുന്നു അപകടം.


മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ്‌ വിദ്യാർഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി എം കെ നന്ദകിഷോർ (22), ഒന്നാം വർഷ വിദ്യാർഥികളായ കായംകുളം കീരിക്കാട് സ്വദേശി അഭിയാൻ എം റഹ്മാൻ (19), പാലക്കാട് അലനല്ലൂർ സ്വദേശി എസ് അഭിനവ് (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ പോസ്റ്റിലും സമീപത്തെ മതിലിലും ഇടിച്ച് ഓവുചാലിലേക്ക് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.


അമിത വേഗത്തിലെത്തിയ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ ഒരാൾ കോളേജ് ഹോസ്റ്റലിലും മറ്റ് രണ്ടുപേര്‍ വാടക വീട്ടിലുമാണ് താമസിക്കുന്നത്. അപകടസമയത്ത് കുറുവങ്ങാട് ചാറ്റൽ മഴയുണ്ടായിരുന്നു. അതിനാൽ, വണ്ടി തെന്നിവീണതാകാനും സാധ്യതയുണ്ട്.


ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൊയിലാണ്ടി ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് റോഡിൽ ചിതറിയ ശരീരഭാഗങ്ങൾ മാറ്റിയത്. മരിച്ചവരുടെ സഹപാഠികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ മലബാർ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വച്ചു. ശേഷം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.


പാലക്കാട് എടത്തനാട്ടുകര നാലുകണ്ടം ചൊക്കത്തുകളത്തിൽ സി കെ സുരേഷിന്റെയും രജിതയുടെയും മകനാണ് എസ് അഭിനവ്. കായംകുളം കീരിക്കാട് സൗത്ത് ചെമതറയിൽ ഡോ. മുജീബ് റഹ്മാന്റെയും ഷിജില മുജീബിന്റെയും മകനാണ് അഭിയാൻ എം റഹ്മാൻ. കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് മാലുമേൽ തുളസി നന്ദനത്തിൽ എം ബി കിഷോറിന്റെയും ആർ ബിന്ദുവിന്റെയും മകനാണ് എം കെ നന്ദകിഷോർ. സഹോദരി - നവമി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home