print edition 3 ബിഡിഎസ് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു

പ്രതീകാത്മക ചിത്രം
കോതമംഗലം: കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ ഡെന്റൽ കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചങ്ങനാശേരി ഐഇ നഗർ അൽഫോൺസ നഗർ പ്ലാമൂട്ടിൽ ബിയോൺ ബിജു (22), കോട്ടയം ചാമംപതാൽ പുതുപ്പറമ്പിൽ അതുൽ രാജ് (22), തിരുവനന്തപുരം പൊറ്റയിൽ പൂവാർ വിഷ്ണുഭവനിൽ വി ബി ഹരീഷ് (22) എന്നിവരാണ് മരിച്ചത്. മൂവരും കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ മൂന്നാംവർഷ വിദ്യാർഥികളാണ്.
ഞായർ പകൽ ഒന്നരയോടെ ഒമ്പതംഗസംഘം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഇടമലയാർ അണക്കെട്ടിൽനിന്ന് വൈദ്യുതോൽപ്പാദനത്തിനുശേഷം പുറത്തുവിടുന്ന ജലം എത്തുന്നതിനാൽ വേനൽക്കാലത്തും പുഴയിൽ നിറയെ വെള്ളമുണ്ടാകാറുണ്ട്. അപകടമേഖലയെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് വിദ്യാർഥികൾ ആഴമുള്ള ഭാഗത്ത് കുളിക്കാനിറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.
പരിചയക്കുറവുമൂലം അടിയൊഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായ വിദ്യാർഥികൾ വിവരമറിയിച്ചതോടെ നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഒരു മണിക്കൂർ തിരച്ചിലിനൊടുവിൽ 2.30നാണ് സ്‌കൂബ ടീം മൃതദേഹങ്ങൾ കണ്ടെടുത്തത്.
മൃതദേഹങ്ങൾ കോതമംഗലം മാർ ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ.ബിജുമോന്റെയും ഡാലിയായുടെയും മകനാണ് ബിയോൺ ബിജു. സഹോദരങ്ങൾ: ഡിയോണ, ഫിയോണ. ബിയോണിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും യുകെയിൽ. ചങ്ങനാശേരിയിലെ വീട്ടിൽ ബിജുമോന്റെ അമ്മ റോസമ്മ മാത്രമാണ് താമസം. വെങ്കിടേശിന്റെയും ശാലിനിയുടെയും ഏക മകനാണ് അതുൽ രാജ്. നന്ദു എന്ന് വിളിക്കുന്ന വി ബി ഹരീഷ് (23). വിജയ കുമാർ,ബിന്ദു ദമ്പതികളുടെ മകനാണ്. സഹോദരൻ വിഷ്ണു.










0 comments