സംസ്ഥാന ബജറ്റിന്റെ 25 ശതമാനം
സ്‌ത്രീശക്തീകരണത്തിന്‌: മുഖ്യമന്ത്രി

state budge
avatar
സ്വന്തം ലേഖിക

Published on Mar 02, 2025, 12:26 AM | 1 min read

തിരുവനന്തപുരം :സംസ്ഥാന ബജറ്റിലെ 25ശതമാനം സ്ത്രീശക്തീകരണത്തിന്‌ മാറ്റിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ മേഖലയിലെ സ്‌ത്രീ പങ്കാളിത്തം വർധിപ്പിക്കാൻ കൂടുതൽ പദ്ധതി ആവിഷ്‌കരിക്കാനായെന്നും കേരള വനിതാ കമീഷന്റെ അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം തൊഴിലെടുക്കുന്ന സ്ത്രീകളുടെ കാര്യത്തിൽ 16 ശതമാനം വർധനയുണ്ടായി.


കേരളത്തിലെ ആകെ തൊഴിൽശക്തിയുടെ 37 ശതമാനം സ്ത്രീകളാണ്. സംരംഭകവർഷം പദ്ധതിവഴി വന്ന സംരംഭങ്ങളിൽ 31 ശതമാനവും സ്ത്രീകളുടേതാണ്‌. സ്ത്രീകൾക്കെതിരായ അതിക്രമക്കേസ്‌ 18,900ൽ നിന്ന് 17,000 ആയി കുറഞ്ഞു. സ്ത്രീധന പീഡന, ഗാർഹിക പീഡന കേസിലും കുറവുണ്ട്. എന്നാൽ, കേരളസമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഇപ്പോഴും നടക്കുന്നു എന്നത് ഗൗരവതരമാണ്‌.


ഇത്‌ ഇല്ലാതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം. അപരാജിത, വനിതാ ഹെൽപ്പ് ലൈൻ, സ്വയം പ്രതിരോധത്തിനായി സെൽഫ് ഡിഫൻസ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കുന്ന സംസ്ഥാനമാണ്‌ കേരളം. നിർഭയ, സഖി വൺ സ്റ്റോപ്പ് പദ്ധതി, നിഴൽ, പിങ്ക് പൊലീസ്, എന്റെ കൂട്, വൺ ഡേ ഹോം തുടങ്ങിയ ശ്രദ്ധേയ പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കേരള വനിതാ കമീഷന്റെ സ്ത്രീ ശക്തി, ജാഗ്രതാ സമിതി പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു.


ഡോ. കെ ഓമനക്കുട്ടി, സോഫിയ ബീവി, കെ വി റാബിയ, ലക്ഷ്മി ഊഞ്ഞാംപാറകുടി, ധനുജ കുമാരി, സതി കൊടക്കാട്, എസ് സുഹദ എന്നിവർ പ്രഥമ സ്ത്രീ ശക്തി പുരസ്‌കാരങ്ങളും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌, കോർപ്പറേഷൻ, മീനങ്ങാടി (വയനാട്), ഒളവണ്ണ (കോഴിക്കോട്), വഴിക്കടവ് (മലപ്പുറം) പഞ്ചായത്തുകൾ ജാഗ്രതാസമിതി പുരസ്കാരവും ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home