ഭിന്നശേഷി സംവരണ നിയമനം
print edition സുപ്രിംകോടതി അനുമതി ലഭിച്ചാൽ 22000 അധ്യാപകർക്ക് സ്ഥിരനിയമനം

തിരുവനന്തപുരം: ഭിന്നശേഷി സംവരണ നിയമനത്തിൽ സുപ്രിംകോടതി അനുമതി ലഭിക്കുന്നതോടെ, ഏകദേശം 22,000- അധ്യാപകർക്ക് അവരുടെ നിയമന തീയതി മുതൽ സ്ഥിരനിയമനം നൽകാൻ സാധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നായർ സർവീസ് സൊസൈറ്റിക്ക് നൽകിയിട്ടുള്ള ഉത്തരവ്, സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കുക എന്നതാണ് സർക്കാർ നയം. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. തിങ്കളാഴ്‌ച കേസ് കോടതി പരിഗണിക്കും. സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരാകുമെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ സർവീസുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കി വരുന്നുണ്ടെങ്കിലും എയ്ഡഡ് സ്കൂളുകളിൽ ഇത് കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം സംസ്ഥാന-, ജില്ലാതല സമിതികൾ രൂപീകരിച്ചിരുന്നു. ജില്ലാ സമിതികൾ നിലവിൽ വരുന്നതിന് മുമ്പ് തന്നെ 1500-ഓളം ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നൽകി. ആദ്യഘട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 431 ഉദ്യോഗാർഥികൾക്ക് കൂടി കഴിഞ്ഞ 24ന് നിയമന ശുപാർശ നൽകി. ശേഷിക്കുന്ന ഒഴിവുകളും ഉടനടി നികത്തും.
കോടതി നിർദേശപ്രകാരം, ഭിന്നശേഷി നിയമനം പൂർണമായും പാലിക്കപ്പെടുന്നതുവരെ ചില അധ്യാപകർക്ക് പ്രൊവിഷണലായും ദിവസവേതന അടിസ്ഥാനത്തിലുമാണ് നിയമനം നൽകാൻ സാധിച്ചിരുന്നത്. ഇവർക്ക് എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. നിയമനാംഗീകാര ഫയലുകൾ തീർപ്പാക്കാനായി കഴിഞ്ഞ ആഴ്ച നടത്തിയ സംസ്ഥാനതല അദാലത്തുകളിൽ 2204 അപേക്ഷ ലഭിച്ചു. 569 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവ ഉടൻ തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.









0 comments