യുവജനദ്രോഹ സർക്കുലറുമായി കേന്ദ്രസർക്കാർ; എജീസ് ഓഫീസിൽ 22,000 അക്കൗണ്ടന്റ് തസ്‌തിക വിരമിച്ചവർക്ക്

ഒ വി സുരേഷ്
Published on Jul 21, 2025, 12:06 AM | 1 min read
തിരുവനന്തപുരം : വിരമിച്ചവരെ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പിൽ അക്കൗണ്ടന്റ് തസ്‌തികയിൽ പുനർനിയമിക്കാൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ സർക്കുലർ. പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചും ഒഴിവുകളിൽ ഉടൻ നിയമനം നടത്തിയും കേരള സർക്കാർ ഉദ്യോഗാർഥികളോട് അനുകൂല സമീപനമെടുക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ യുവജനവിരുദ്ധ നിലപാട്. രാജ്യത്താകെ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പിൽ ഇരുപത്തിരണ്ടായിരത്തിലേറെ തസ്‌തികകളിൽ പുതിയ നിയമനം ഇല്ലാതാകും.
വിവിധ വകുപ്പുകളിലായി കേന്ദ്രസർക്കാർ ഓഫീസുകളിൽ 12 ലക്ഷം ഒഴിവുണ്ട്. റെയിൽവേയിലാണ് കൂടുതൽ,- മൂന്നേകാൽ ലക്ഷം. ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പിൽ 56,000. ഓഫീസ് പ്രവർത്തനം താളംതെറ്റിക്കിടക്കുമ്പോഴാണ് 22,000ത്തിലേറെ തസ്‌തികയിൽ വിരമിച്ചവർക്ക് പുനർനിയമനം നൽകുന്നത്.
സീനിയർ അക്കൗണ്ട് ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസർ തസ്‌തികളിലെ ഒഴിവുകളിൽ 10 ശതമാനം വിരമിച്ചവരേയോ ചാർട്ടേഡ് അക്കൗണ്ടന്റുമാരെയോ കൺസൾട്ടന്റായി നിയമിക്കാമെന്ന് സർക്കുലർ നേരത്തെയുണ്ട്. ബാക്കി 90 ശതമാനം ഒഴിഞ്ഞുകിടക്കും. കേരളത്തിലെ അഞ്ച് ഏജീസ് ഓഫീസുകളിലായി 60 ശതമാനമാണ് ഒഴിവുകൾ. ആകെയുള്ള 1323 തസ്‌തികകളിൽ 787എണ്ണം ഒഴിവാണ്.
കേന്ദ്രസർക്കാർ ഓഫീസുകളിലെ ഗ്രൂപ്പ് സി വിഭാഗത്തിൽ ക്ലർക്ക്–-ടൈപ്പിസ്റ്റ് തസ്‌തികകളും ഏറ്റവും താഴെത്തട്ടിലുള്ള ഗ്രൂപ്പ് ഡി തസ്‌തികകളും മുൻ യുപിഎ സർക്കാർ ഒഴിവാക്കിയിരുന്നു. ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പിൽ ഗ്രൂപ്പ് ഡി തസ്‌തികകയ്‌ക്കുപകരം മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്) തസ്‌തിക ഉണ്ടാക്കിയെങ്കിലും എൻഡിഎ സർക്കാർ അത് പൂർണമായും കരാർ നിയമനത്തിനായി സ്വകാര്യ ഏജൻസികൾക്ക് കൈമാറി.
അസി. അക്കൗണ്ട്‌സ് ഓഫീസറായി നാലുവർഷം പൂർത്തിയായ ജീവനക്കാർക്ക് സീനിയർ തസ്‌തികയിലേക്ക് സ്ഥാനക്കയറ്റം നൽകാത്തതിനെതിരെ ജീവനക്കാർ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.
കേരളത്തെ ബാധിക്കും
സംസ്ഥാന സർക്കാരിന്റെ വരവുചെലവു കണക്ക്, ജീവനക്കാരുടെ പിഎഫ്, പെൻഷൻ, ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സർവീസ് രേഖ കൈകാര്യംചെയ്യൽ, പേ സ്ലിപ് തയ്യാറാക്കൽ എന്നിവ ഏജീസ് ഓഫീസാണ് നിർവഹിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഏജീസ് ഓഫീസാണ് കേരളത്തിലേത്. 3.5 ലക്ഷം സംസ്ഥാന ജീവനക്കാരുടെ പെൻഷൻ കാര്യങ്ങളും ഇവരുടെ ചുമതലയിൽ. കരാർവൽക്കരണവും തസ്‌തികയിൽ ആളില്ലാത്തതും ഇത്തരം ചുമതലകളുടെ നിർവഹണത്തെ സാരമായി ബാധിക്കും.










0 comments