കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 20-ാം വാര്‍ഷികം

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെയും ‘എവരി ചൈൽഡ് എ സയന്റിസ്‌റ്റ് ആൻഡ് ഏൻ അർടിസ്‌റ്റ് (ഇസിഎഎസ്‌എ)’എന്ന കുട്ടികള്‍ക്കു വേണ്ടിയുളള പദ്ധതിയുടേയും ഔപചാരിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിർവഹിച്ചു. തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ഉദ്‌ഘാടനം. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പത്മശ്രീ. എം സി ദത്തന്‍, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എന്‍ അനില്‍ കുമാര്‍, മെമ്പര്‍ സെക്രട്ടറി ഡോ.വി ബാലകൃഷ്ണന്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍മാരായ ഡോ.ആര്‍ വി വര്‍മ്മ, ഡോ. ഉമ്മന്‍ വി ഉമ്മന്‍, ഡോ.സി ജോര്‍ജ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും കുറിച്ച് വിശദീകരിച്ചതോടൊപ്പം ജൈവവൈവിധ്യ ബോര്‍ഡിലെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണമായ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍ ഡോ.സി എസ് വിമല്‍കുമാര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് തൈക്കാട് കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസില്‍ വച്ച് വള്ളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തിന് സമീപത്തുള്ള കുട്ടികൾക്കായി 'ഇക്കാസ' യുടെ പ്രഥമ പരിപാടി എം സി ദത്തന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഇ കുഞ്ഞിക്കൃഷ്ണന്‍, 'കേരളത്തിലെ ജൈവവൈവിധ്യത്തിനൊരാമുഖം' എന്ന പരിപാടിയില്‍ കുട്ടികളുമായി സംവദിച്ചു. കെഐടിടിഎസ് പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍ പരിപാടിയില്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ആസൂത്രണ കര്‍മ്മ പദ്ധതിക്ക് അന്തിമരൂപം നല്‍കി.









0 comments