പാലക്കാട് മാനിറച്ചി പിടികൂടിയ സംഭവത്തിൽ 2 പേർ റിമാൻഡിൽ

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം തിരുവിഴാംകുന്നില്‍ വീട്ടിൽനിന്ന് മാനിറച്ചി പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോട്ടോപ്പാടം ഇരട്ടവാരി സ്വദേശികളായ പാറപ്പുറത്ത് റാഫി (32), പാലൊളി കുഞ്ഞയമു (38) എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച തിരുവിഴാംകുന്ന് ഫോറസ്‌റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ റാഫിയുടെ വീട്ടില്‍നിന്ന് മാനിറച്ചി കണ്ടെത്തിയിരുന്നു. വീടിനുപരിസരത്തെ ഉപയോഗശൂന്യമായ കിണറ്റില്‍നിന്ന് മാനിന്റെ തല, കൈകാലുകള്‍, തോല്‍ മറ്റു അവശിഷ്ടങ്ങൾ എന്നിവയും കണ്ടെടുത്തു. ഒളിവില്‍പോയ പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതോടെ വെള്ളിയാഴ്ച ഇവര്‍ മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ക്കുമുമ്പാകെ കീഴടങ്ങുകയായിരുന്നു.
ഡിഎഫ്ഒ സി അബ്ദുള്‍ ലത്തീഫിന്റെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഇവരുടെ വീടിനുസമീപത്തുനിന്ന് അരക്കിലോമീറ്റര്‍ മാറിയുള്ള വനാതിര്‍ത്തിക്കടുത്തെ റബര്‍തോട്ടത്തില്‍വച്ചാണ് മാനിനെ വെടിവച്ചത്. തോക്കും തിരകളും ഇറച്ചിയാക്കാനുപയോഗിച്ച കത്തിയും പാത്രങ്ങളും കണ്ടെടുത്തു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിന്റെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.








0 comments