ad
Deshabhimani

print edition ബസ്‌ വാങ്ങാൻ 1400 കോടിയുടെ കടമെടുപ്പ് ; നീക്കം ദുരൂഹം, ലക്ഷ്യം കമീഷൻ

ksrtc.png
avatar
എസ് കിരൺബാബു

Published on Jul 25, 2026, 01:06 AM | 1 min read

തിരുവനന്തപുരം: 1400 കോടി രൂപയുടെ വിദേശ വായ്പയെടുത്ത് കെഎസ്ആർടിസി-യെ വൻ കടബാധ്യതയിലേക്ക് തള്ളിവിടാനുള്ള യുഡിഎഫ് സർക്കാർ നീക്കം ദൂരൂഹം. 2500 പുതിയ ബസ്സ്‌ വാങ്ങാനെന്ന പേരിൽ ജർമൻ വികസന ബാങ്കായ കെഎഫ്ഡബ്ല്യുവിൽ നിന്നാണ് ഉയർന്ന പലിശയ്ക്ക് കടമെടുക്കുന്നത് .


ബസ്സുകൾ ഒരുമിച്ച് വാങ്ങുന്നതിന്റെ മറവിൽ വൻതുക കമീഷൻ ഉറപ്പിച്ചതായാണ്‌ വിവരം. കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രിയുടെ നിർദേശത്തില്‍ ഈ മാസം ആദ്യമാണ് കെഎസ്ആർടിസി സിഎംഡി ഗതാഗത സെക്രട്ടറിക്ക് കത്തയച്ചത്. 2500 കോടി രൂപയുടെ കടബാധ്യതയുള്ള കെഎസ്ആർടിസി പ്രതിദിനം 1.10 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യത്തിൽ അടയ്ക്കുന്നത്. ഇത് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വരുത്തിവച്ച ബാധ്യതയാണ്. ഇതിന് പുറമേ 1400 കോടി രൂപയുടെ ബാധ്യതകൂടി വന്നാൽ പൂട്ടേണ്ടിവരുമെന്ന്‌ കെഎസ്ആർടിസി ജീവനക്കാരടക്കം പറയുന്നു.


നിലവിലെ ബാങ്ക് കൺസോർഷ്യത്തിൽ ഡിപ്പോകൾ ഉൾപ്പെടെ കെഎസ്ആർടിസിയുടെ ഭൂരിഭാഗം വസ്തുവകകളും ജാമ്യം വച്ചിരിക്കുകയാണ്. അതിനാൽ കെഎഫ്ഡബ്ല്യുവിന്‌ എന്താണ് ജാമ്യമെന്ന് വ്യക്തമല്ല. വിദേശ ഏജൻസികളുടെ പല വായ്പകളും നിബന്ധനകൾക്ക് വിധേയമാണ്. ഏതെങ്കിലും പ്രത്യേക കമ്പനികളിൽനിന്നേ ബസും സ്‌പെയർ പാർട്‌സും വാങ്ങാവൂ എന്നതടക്കമുള്ള നിബന്ധനയുണ്ടാകും. ഇത് അധികബാധ്യത വരുത്തുമെങ്കിലും വേണ്ടപ്പെട്ടവർക്ക് കമീഷനടിക്കാനുള്ള വഴി തുറക്കും.


നിലവിലെ കരാർ പ്രകാരം കെഎസ്ആർടിസി മറ്റൊരു ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുക്കുമ്പോൾ പൊതുമേഖലാ ബാങ്ക് കൺസോർഷ്യത്തിന്റെ അനുമതി വേണം. ഇത്‌ പാലിക്കാതെയാണ് കടമെടുക്കാൻ നീക്കം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ 3800 കോടി രൂപയുടെ ബാധ്യത 2500 കോടിയായി കുറച്ചത് എൽഡിഎഫ് സർക്കാരാണ്. കെഎസ്ആർടിസിയുടെ പ്രതിദിന ശരാശരി വരുമാനം ആറര കോടി മുതൽ എട്ടുകോടി വരെയാണ്. ഇതിൽ 3.5 കോടി വരെ ഡീസൽ ഇനത്തിൽ നൽകണം.1.10 കോടി രൂപ വായ്പയായി തിരിച്ചടയ്ക്കണം . അറ്റകുറ്റപ്പണികളും സ്പെയർ പാർട്സുകൾക്കുമായി 70 മുതൽ 90 ലക്ഷം വരെ വേണം. ശമ്പളവും പെൻഷനുമടക്കം പ്രതിദിന ശരാശരി കണക്കാക്കിയാൽ അതും നാല് കോടിയോളം വരും. മൂന്ന് കോടിയോളം നഷ്ടത്തിലാണ് പ്രതിദിനം ഓടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home