Deshabhimani

മംഗളൂരു മേഖലയിൽനിന്ന് 1000 തസ്തികകൾ മൈസൂരു ഡിവിഷനിലേക്ക്

railway jobs

എഐ നിർമിത ചിത്രം

avatar
എം സനോജ്

Published on Oct 29, 2026, 10:24 AM | 2 min read

നിലമ്പൂർ: മംഗളൂരു മേഖലയെ പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ 1000 തസ്തികകൾ കൈമാറാൻ ഉത്തരവ്. ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽനിന്ന് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്കാണ് തസ്തികകൾ മാറ്റുന്നത്. മെക്കാനിക്കൽ, എൻജിനിയറിങ്, ഓപ്പറേറ്റിങ് തുടങ്ങി പത്ത് വിഭാഗങ്ങളിലെ തസ്തികകൾ കൈമാറുന്നതിനുള്ള ഉത്തരവ് പാലക്കാട് ഡിവിഷൻ പേഴ്സണൽ വിഭാഗം സെപ്റ്റംബർ 30ന് പുറത്തിറക്കി. മംഗളൂരു മേഖലയെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വന്നതിന്റെ തുടർച്ചയായാണ് നടപടി.


മെക്കാനിക്കൽ വിഭാഗത്തിൽ 367 തസ്തികകൾ


കൈമാറ്റപ്പട്ടികയിൽ ഏറ്റവും കൂടുതൽ തസ്തികകൾ മെക്കാനിക്കൽ വിഭാഗത്തിലാണ്. 367 തസ്തികകളാണ് ഈ വിഭാഗത്തിൽനിന്ന് കൈമാറുന്നത്. എൻജിനിയറിങ് വിഭാഗത്തിൽ 208, ഓപ്പറേറ്റിങ് വിഭാഗത്തിൽ 159 തസ്തികകളുമുണ്ട്. ഈ മൂന്ന് വിഭാഗങ്ങളിലായി മാത്രം 734 തസ്തികകളാണ് പട്ടികയിലുള്ളത്.


ഇലക്ട്രിക്കൽ ജനറൽ സർവീസിൽ 112, വാണിജ്യ വിഭാഗത്തിൽ 51, ഇലക്ട്രിക്കൽ ഓപ്പറേഷൻ വിഭാഗത്തിൽ 39 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ തസ്തികകൾ. സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ 38, ഇലക്ട്രിക്കൽ ട്രാക്ഷൻ ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിൽ 18, മെഡിക്കൽ വിഭാഗത്തിൽ ഏഴ്, പേഴ്സണൽ വിഭാഗത്തിൽ ഒന്ന് എന്നിങ്ങനെയും തസ്തികകൾ കൈമാറും.


ഓപ്പറേറ്റിങ്, എൻജിനിയറിങ് വിഭാഗങ്ങളിലും മാറ്റം


ട്രെയിൻ ഓപ്പറേഷൻ, സ്റ്റേഷൻ പ്രവർത്തനം, ഷണ്ടിങ്, ചരക്കുനീക്കം എന്നിവയുമായി ബന്ധപ്പെട്ട ഓപ്പറേറ്റിങ് വിഭാഗത്തിൽനിന്ന് 159 തസ്തികകളാണ് കൈമാറുന്നത്. സ്റ്റേഷൻ മാസ്റ്റർ, ഷണ്ടിങ് മാസ്റ്റർ, പോയിന്റ്സ്മാൻ, സീനിയർ ഗുഡ്സ് ട്രെയിൻ മാനേജർ, ഗുഡ്സ് ട്രെയിൻ മാനേജർ, ട്രെയിൻ ക്ലർക്ക് തുടങ്ങിയ കാറ്റഗറികൾ പട്ടികയിലുണ്ട്.


റെയിൽവേ പാതകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണിയും പരിപാലനവുമായി ബന്ധപ്പെട്ട എൻജിനിയറിങ് വിഭാഗത്തിലെ 208 തസ്തികകളാണ് കൈമാറുന്നത്. ഇതിൽ ട്രാക്ക് മെയിന്റെയ്‌നർ കാറ്റഗറിയിലാണ് കൂടുതൽ തസ്തികകൾ. ഒന്നാം ഗ്രേഡിൽ 15, രണ്ടാം ഗ്രേഡിൽ 30, മൂന്നാം ഗ്രേഡിൽ 30, നാലാം ഗ്രേഡിൽ 117 തസ്തികകളാണ് പട്ടികയിലുള്ളത്. സീനിയർ സെക്ഷൻ എൻജിനിയർ, ജൂനിയർ എൻജിനിയർ, വർക്സ്, ബ്രിഡ്ജസ് വിഭാഗങ്ങളിലെ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു.


കോച്ച് ആൻഡ് വാഗൺ വിഭാഗത്തിൽ 359


മെക്കാനിക്കൽ വിഭാഗത്തിലെ 367 തസ്തികകളിൽ 359 എണ്ണം കോച്ച് ആൻഡ് വാഗൺ വിഭാഗത്തിലേതാണ്. സീനിയർ സെക്ഷൻ എൻജിനിയർ, സെക്ഷൻ എൻജിനിയർ, സീനിയർ ടെക്നീഷ്യൻ, ടെക്നീഷ്യൻ ഗ്രേഡ് ഒന്ന്, രണ്ട്, മൂന്ന്, അസിസ്റ്റന്റ് തുടങ്ങിയ കാറ്റഗറികൾ പട്ടികയിലുണ്ട്. ഓഫീസ് ജീവനക്കാരുടെ കാറ്റഗറികളിൽ എട്ട് തസ്തികകളും ഉൾപ്പെടുന്നു.


വൈദ്യുതി, വാണിജ്യം, സിഗ്നൽ വിഭാഗങ്ങളും പട്ടികയിൽ


ഇലക്ട്രിക്കൽ ജനറൽ സർവീസ് വിഭാഗത്തിലെ 112 തസ്തികകളിൽ എസി, ടെലിഫോൺ, ലൈറ്റിങ് തുടങ്ങിയ മേഖലകളിലെ സാങ്കേതിക ജീവനക്കാരുടെയും അസിസ്റ്റന്റുമാരുടെയും തസ്തികകളുണ്ട്. ഇലക്ട്രിക്കൽ ഓപ്പറേഷൻ വിഭാഗത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഷണ്ടിങ് വിഭാഗങ്ങളിലെ തസ്തികകളാണ് ഉൾപ്പെടുന്നത്. ട്രാക്ഷൻ ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിൽനിന്ന് 18 തസ്തികകളും കൈമാറും.


വാണിജ്യ വിഭാഗത്തിലെ 51 തസ്തികകളിൽ ടിക്കറ്റ് പരിശോധനയും വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാറ്റഗറികളുണ്ട്. സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ 38 തസ്തികകളും കൈമാറ്റപ്പട്ടികയിലുണ്ട്. മെഡിക്കൽ വിഭാഗത്തിലെ ഏഴ് തസ്തികകളിൽ ചീഫ് ഫാർമസിസ്റ്റ്, ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ, മെഡിക്കൽ ഡ്രസ്സർ, ആശുപത്രി സഹായി തുടങ്ങിയ കാറ്റഗറികൾ ഉൾപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home