പെട്രോൾ എൻജിനിലേക്ക് 1000 വള്ളങ്ങൾ

സുനീഷ് ജോ
Published on Jul 28, 2025, 02:10 AM | 1 min read
തിരുവനന്തപുരം: എട്ടുമാസത്തിനകം മണ്ണെണ്ണ എൻജിനുകളുള്ള 1000 മത്സ്യബന്ധന വള്ളങ്ങൾ പെട്രോൾ എൻജിനിലേക്ക് മാറ്റാൻ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. ഇതിനായി അഞ്ചുകോടി രൂപ നീക്കിവച്ചു. ഒരുവള്ളത്തിന് പരമാവധി അരലക്ഷം രൂപ അനുവദിക്കും. മത്സ്യത്തൊഴിലാളികൾക്ക് ഇഷ്ടപ്പെട്ട എൻജിൻ വാങ്ങിക്കാനും സബ്‌സിഡിക്ക് അപേക്ഷിക്കാനും കഴിയും.
സംസ്ഥാനത്തെ രജിസ്‌ട്രേഷൻ പ്രകാരം മണ്ണെണ്ണ ഉപയോഗിക്കുന്ന 14,502 വള്ളങ്ങളുണ്ട്. എൽപിജിയിലേക്ക് മാറുന്നതിനും താമസിയാതെ സബ്‌സിഡി അനുവദിക്കും. മണെണ്ണ എൻജിനുള്ള വള്ളങ്ങളിൽ എൽപിജി കിറ്റ് ഘടിപ്പിച്ചാൽ മതിയാകും. ഇതിന് വിപണിയിൽ -35000 രൂപ വരെയാണ് വില. ഇതിന്റെ 75 ശതമാനവും ഫിഷറീസ് വകുപ്പ് നൽകും. ഇവർക്ക് എൽപിജി സബ്‌സിഡി ലഭ്യമാക്കുമെന്ന കാര്യവും വകുപ്പ് പരിശോധിച്ചുവരികയാണ്.
മണ്ണെണ്ണയുടെ ഉൽപ്പാദനവും വിതരണവും കേന്ദ്രസർക്കാർ കുറച്ചു. 2014 –-15 വർഷത്തിൽ 24,700 കോടി രൂപ സബ്‌സിഡി വച്ചിരുന്നെങ്കിൽ 2018–-19 ൽ അത് 5900 കോടിയായി കുറച്ചു. പിന്നീടുള്ള വർഷങ്ങളിൽ 4500 കോടിയും 1900 കോടിയുമാക്കി. തുടർവർഷങ്ങളിൽ സബ്‌സിഡിയ്‌ക്കായി തുക നീക്കിവച്ചില്ല. 2027 വരെ മണ്ണെണ്ണ നൽകുമെന്ന് പറയുമ്പോഴും, അത് എത്രയാണെന്ന് പറയാൻ കേന്ദ്രം തയ്യാറാകുന്നില്ല.
മണ്ണെണ്ണ ഉൽപ്പാദനം പൂർണമായി നിർത്തിയാൽ കേരളത്തിലെ മത്സ്യമേഖലയെ ഗുരുതരമായി ബാധിക്കും. ഈ സാഹചര്യമാണ് മണ്ണെണ്ണ എൻജിൻ ഉപേക്ഷിക്കാൻ മത്സ്യത്തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്. പെട്രോൾ എൻജിനുകളിലേക്ക് മാറുന്ന വള്ളങ്ങൾക്ക് ലിറ്ററിന് 25 രൂപ സബ്‌സിഡി കഴിഞ്ഞദിവസം ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചിരുന്നു. മണ്ണെണ്ണയ്‌ക്ക് നൽകുന്ന സബ്‌സിഡിക്ക് തുല്യമാണിത്. സബ്‌സിഡിക്കായി തൊഴിലാളികൾ മണ്ണെണ്ണ പെർമിറ്റ് സമർപ്പിക്കണം. മത്സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നൽകുക. എൻജിനുകളുടെ ശേഷി അനുസരിച്ച് മാസം 140 മുതൽ 190 ലിറ്ററിനുവരെയാണ് സബ്‌സിഡി നൽകുക.










0 comments