print edition 10 വർഷം, 38 ലക്ഷം പുതിയ കണക്‌ഷൻ

തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി ഉപയോഗം കൂടാനുള്ള കാരണങ്ങളിലൊന്ന് കണക്‌ഷനുകളിലെ വർധന. സംസ്ഥാനത്ത് 10 വർഷത്തിനുള്ളിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കുമായി നൽകിയത് 37,84,286 പുതിയ കണക്‌ഷനുകൾ. ഗാർഹികം– 2,20,0485, വാണിജ്യം– 7,21,974, വ്യവസായം– 61,167 എന്നിവയുൾപ്പെടെയാണ് പുതിയ കണക്‌ഷൻ. ഇൗ വർഷംമാത്രം 85,390 കണക്‌ഷൻ നൽകി. ഇതുൾപ്പെടെ നിലവിൽ ആകെ 1.42 കോടി കണക്‌ഷനുകളുണ്ട്.
ചുരുങ്ങിയ കാലയളവിൽ ഇത്രയധികം ഉപയോക്താക്കളെ വൈദ്യുതി ശൃംഖലയുടെ ഭാഗമാക്കിയത് സംസ്ഥാനവൈദ്യുതി വകുപ്പിന്റെ നേട്ടമാണ്. ‘ഡാമുകളിൽ വെള്ളമില്ല, അതിനാൽ വൈദ്യുതിയില്ല’ എന്ന് യുഡിഎഫ് സർക്കാരിന്റെ കാലത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ, 10 വർഷത്തിനിടെ ഇങ്ങനെ കേൾക്കേണ്ടിവന്നിട്ടില്ല. വർധിക്കുന്ന ഉപയോക്താക്കളുടെ എണ്ണം കണക്കിലെടുത്ത് ട്രാൻസ്‌ഫോർമറുകളുടെ ശേഷി കൂട്ടുകയും പുതിയ സബ്സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്തു. ഉൽപ്പാദനവും വർധിപ്പിച്ചു.
2006-–2011ൽ എൽഡിഎഫ് സർക്കാർ 85 നിയോജകമണ്ഡലങ്ങളിലും നാല് ജില്ലകളിലും സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കി. പിന്നീടുവന്ന യുഡിഎഫ് സർക്കാർ പുതിയ കണക്‌ഷനുകൾ നൽകുന്നത് മന്ദഗതിയിലാക്കി. 2016 –21ൽ എൽഡിഎഫ് സർക്കാർ 22,44,241 പുതിയ കണക്‌ഷനുകൾ നൽകി.
ഉൾവനങ്ങളിലെ പ്രദേശങ്ങളിൽപ്പോലും വെളിച്ചമെത്തിച്ച് 2017 മേയിൽ കേരളം രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി. ആധുനിക വിതരണശൃംഖലയുള്ള സംസ്ഥാനമെന്ന പദവിയിലേക്കാണ് നാട് കുതിക്കുന്നത്.











0 comments