ad
Deshabhimani

പത്തുവയസ്സുകാരിയുടെ ധീരത രണ്ടുവയസ്സുകാരന്റെ ജീവൻ രക്ഷിച്ചു

Fathima Sahara

ഫാത്തിമ സഹറ

വെബ് ഡെസ്ക്

Published on May 01, 2026, 01:33 PM | 1 min read

കോതമംഗലം: പത്തുവയസ്സുകാരിയുടെ ധീരത രണ്ടുവയസ്സുകാരന്റെ ജീവൻ രക്ഷിച്ചു. നെല്ലിക്കുഴി സദ്ദാംനഗറിൽ കാപ്പുചിറയ്‌ക്ക് സമീപം താമസിക്കുന്ന കാപ്പുചാലി നൗഫൽ–സബീന ദമ്പതികളുടെ മകൾ ഫാത്തിമ സഹറയാണ് വീടിനുസമീപത്തെ ചിറയിൽ മുങ്ങിത്താഴ്ന്ന രണ്ടുവയസ്സുകാരന്റെ ജീവൻ രക്ഷിച്ചത്. വ്യാഴം വൈകിട്ടാണ് സംഭവം.


കാപ്പുചിറയുടെ സമീപത്തെ വീട്ടിൽ മലപ്പുറത്തുനിന്ന്‌ വന്ന ബന്ധുവിന്റെ കുട്ടി കുളിക്കടവിലെ സ്റ്റെപ്പിലൂടെ ഇറങ്ങി നിലയില്ലാവെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഇ‍ൗസമയം ചിറയ്‌ക്ക് സമീപത്തുകൂടെ സൈക്കിൾ സവാരി നടത്തുകയായിരുന്നു ഫാത്തിമ സഹറ. ദൂരെനിന്ന് ഒരു സ്ത്രീ ഒച്ചവച്ച് ഓടിവരുന്നത് കണ്ട് നോക്കുമ്പോഴാണ്‌ കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുന്നത്‌ കാണുന്നത്. ഉടനെ സൈക്കിൾ ഉപേക്ഷിച്ച് ചിറയിൽ ഇറങ്ങി കുട്ടിയുടെ ഉടുപ്പിൽ പിടിച്ച് കരയ്ക്ക് കയറ്റി.


സ്ത്രീയുടെ ബഹളംകേട്ട് ഓടിയെത്തിയവർ കാണുന്നത് കുട്ടിയുമായി ചിറയിൽനിന്ന് കയറിവരുന്ന ഫാത്തിമയെയാണ്. കോതമംഗലം സെന്റ്‌ ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് ഫാത്തിമ സഹറ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home