ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു

msc
വെബ് ഡെസ്ക്

Published on Jun 09, 2025, 08:43 AM | 1 min read

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ എത്തി. രാവിലെ 8.45 ഓടെ ആയിരുന്നു ബർത്തിങ്‌ . കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയോടെ കപ്പൽ പുറക്കടലിൽ എത്തിയിരുന്നു. എന്നാൽ, ഏഴോളം കപ്പലുകൾ തുറമുഖത്ത്‌ വരാനുണ്ടായിരുന്നു. അവയിലെ ചരക്കുകൾ കൈകാര്യം ചെയ്‌തശേഷമാണ്‌ ഐറിനയെ വരവേൽക്കുന്നത്‌. ആദ്യമായാണ്‌ ഐറിന ഇന്ത്യയിലെ ഒരു തുറമുഖത്ത്‌ അടുക്കുന്നത്‌.


2023ൽ നിർമിച്ച കപ്പലിന്റെ ക്യാപ്‌റ്റൻ മലയാളിയായ തൃശൂർ സ്വദേശി വില്ലി ആന്റണിയാണ്‌. കപ്പലിൽ കണ്ണൂർ സ്വദേശിയായ അഭിനന്ദ്‌ ഉൾപ്പെടെ 35 ജീവനക്കാരുണ്ട്‌. സിംഗപ്പുരിൽനിന്നാണ്‌ കപ്പൽ കഴിഞ്ഞമാസം 29ന്‌ പുറപ്പെട്ടത്‌. ഷെഡ്യൂൾ ചെയ്യാത്തതിനാൽ വേഗം കുറച്ച്‌ എത്തുകയായിരുന്നു. കണ്ടെയ്‌നർ ഇറക്കിയശേഷം യൂറോപ്പിലേക്ക്‌ തിരിക്കും. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ളതാണ്‌ ഐറിന. 24,346 ടിഇയു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്‌. ഇതേ പരമ്പരയിൽ ആറ്‌ വലിയ കപ്പലുകളാണ്‌ ഉള്ളത്‌. ഇതിൽ എംഎസ്‌സിയുടെ തന്നെ തുർക്കിയ, മിഷേൽ കപ്പെല്ലിനി എന്നിവ വിഴിഞ്ഞത്ത്‌ എത്തിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home