ad
Deshabhimani

print edition നടുറോഡിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ

jessy wild elephant attack death

ജെസിക്ക് അന്ത്യചുംബനം നൽകുന്ന മകൾ അനുഷ (ഇടത്), മരണപ്പെട്ട ജെസി (വലത്)

avatar
സ്വന്തം ലേഖകൻ

Published on May 27, 2026, 03:02 AM | 1 min read

മേപ്പാടി: വയനാട്ടിൽ ദമ്പതികൾക്കുനേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. മേപ്പാടിയിൽ നാട്ടുകാർ റോഡ്‌ ഉപരോധിച്ചു. കൊലയാളി ആനയെ പിടികൂടണമെന്നും കുടുംബത്തിന്‌ 25 ലക്ഷം ധനസഹായവും കുടുംബാംഗത്തിന്‌ സർക്കാർ ജോലിയും നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. വനം, പൊലീസ്‌ അധികൃതരുമായി നടത്തിയ ചർച്ചയെതുടർന്നാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്‌. മേപ്പാടി പഞ്ചായത്തിലെ കള്ളാടി കാശ്മീർ കുരിശിങ്കൽ ജെസി (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഭർത്താവ്‌ ഷാജിക്ക്‌ നേരിയ പരിക്കേറ്റു.


കൽപ്പറ്റയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ്‌ ജെസി. മേപ്പാടി–ചൂരൽമല റോഡിൽ ചൊവ്വ രാവിലെ 6.30 നാണ്‌ സംഭവം. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്‌ ഷാജി. രാവിലെ ജോലിക്ക്‌ പോകാനായി ഭാര്യ ജെസിക്കൊപ്പം സ്‌കൂട്ടറിൽ വീട്ടിൽനിന്ന്‌ പുറപ്പെട്ട്‌ അരക്കിലോമീറ്റർ പിന്നിടുന്പോഴേക്കും കാട്ടാനകൾ മുന്നിൽവന്നുപെട്ടു.


മേപ്പാടി–ചൂരൽമല റോഡിൽ പുത്തുമലയ്‌ക്കും കള്ളാടിക്കും ഇടയിലുള്ള ചൂണ്ടിവളവിന്‌ സമീപമാണ്‌ രണ്ട്‌ കാട്ടാനകൾ ഉണ്ടായിരുന്നത്‌. കോടമഞ്ഞ്‌ കാരണം ഇവതെ ദുരെനിന്ന്‌ കാണാനയില്ല. സ്കൂട്ടർ അരികിലെത്തിയപ്പോഴാണ്‌ ആനകളെ കണ്ടത്‌. പെട്ടെന്ന്‌ സ്‌കൂട്ടർ തിരിക്കുന്പോഴേക്ക്‌ ആനകളിലൊന്ന്‌ പാഞ്ഞടുത്തു. വാഹനത്തിൽനിന്ന്‌ ചാടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജെസിയെ തുമ്പിക്കൈയിലെടുത്ത്‌ ദൂരേക്ക്‌ എറിഞ്ഞു. രക്ഷപെട്ട്‌ ഓടുന്നതിനിടയിൽ വീണാണ്‌ ഷാജിക്ക് പരിക്കേറ്റത്.


ജെസിയെ ആനപിടിച്ചതുകണ്ട്‌ ഷാജി തിരിച്ചെത്തി നിലവിളിച്ചും ശബ്ദമുണ്ടാക്കിയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആക്രമണത്തിനുശേഷം ആനകൾ റോഡിന്‌ താഴെ വനപ്രദേശത്തേക്ക്‌ ഇറങ്ങി.സംഭവത്തിന്‌ തൊട്ടുപിന്നാലെ അതുവഴി എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ ഇരുവരെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജെസി മരിച്ചിരുന്നു.


ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം പകൽ രണ്ടരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. വീട്ടിലും തുടർന്ന് പുത്തുമലയിലും പൊതുദർശനത്തിനുവച്ചു. വൈകിട്ട്‌ പുത്തുമല അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.

മക്കൾ: ഷൈമോൾ, അനുഷ, നാൻസി. മരുമക്കൾ: ബിനു, ഹാഷ്‌വിൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home