ഭർത്താവ് ലഹരി നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് യുവതി

കൂത്താട്ടുകുളം: വിവാഹശേഷം നിരന്തരം ലഹരി നൽകി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ ടെലിഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തു. പാലക്കുഴ പഞ്ചായത്തിലെ യുവാവിനെതിരെയാണ് തൃശൂർ സ്വദേശിനിയായ അധ്യാപികയുടെ പരാതി. ഭർതൃമാതാവിനെതിരെയും പരാതി നൽകിയിട്ടുണ്ട്.
ഒരുവർഷത്തെ സൗഹൃദത്തിനുശേഷം ഫെബ്രുവരി 16നാണ് ഇരുവരും വിവാഹിതരായത്. മുമ്പ് എംഡിഎംഎ കേസിൽ പ്രതിയായത് മറച്ചുവച്ചായിരുന്നു വിവാഹം. വിവാഹശേഷം ഭർത്താവ് എനർജി ഡ്രിങ്കിൽ അടക്കം നിരന്തരം ലഹരി കലർത്തി നൽകിയിരുന്നതായി യുവതി പറയുന്നു. അസ്വസ്ഥതകൾ കൂടിയതോടെ ചോദിച്ചപ്പോഴാണ് ലഹരി നൽകിയ വിവരം ഭർത്താവ് തുറന്നുപറയുന്നത്. ചോദ്യം ചെയ്തതോടെ ശാരീരിക ഉപദ്രവം ആരംഭിച്ചു. ലൈംഗികമായി പീഡിപ്പിക്കുകയും കിടപ്പറദൃശ്യങ്ങൾ ടെലിഗ്രാം വീഡിയോ കോൾ വഴി മറ്റുള്ളവർക്ക് കാണിച്ചുനൽകുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
ആഗസ്‌ത് 15ന് ഭർത്താവും ഭർതൃമാതാവും ചേർന്ന് ക്രൂരമായി മർദിച്ചു. തല ഭിത്തിയിലിടിച്ച് കഴുത്തിന്റെ ഡിസ്കിന് ഗുരുതരമായി പരിക്കേൽപ്പിച്ചു. മാനസികരോഗിയാക്കി ചിത്രീകരിച്ച് ഒഴിവാക്കാനായിരുന്നു ശ്രമമെന്ന് യുവതി പറയുന്നു. രക്ഷപ്പെട്ടോടിയ അധ്യാപിക പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്ത കൂത്താട്ടുകുളം പൊലീസ്, ഭർത്താവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.










0 comments