അണ്ടർ20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പ്: കാജൽ ദോചകിന് സ്വർണം

കാജൽ ദോചക്| Photo: Unites World Wrestiling
ബ്രാറ്റിസ്ലാവ : അണ്ടർ20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണം നേടി ഇന്ത്യൻ താരം കാജൽ ദോചക്. വനിതകളുടെ 76 കിലോഗ്രാം വിഭാഗത്തിലാണ് 18 കാരിയായ കാജലിന്റെ ചരിത്രനേട്ടം. ഫൈനലിൽ ചൈനയുടെ ജിംഗ്രു സുന്നിനെ 7-0 എന്ന സ്കോറിനാണ് താരം പരാജയപ്പെടുത്തിയത്.
കഴിഞ്ഞ വർഷം 72 കിലോഗ്രാം വിഭാഗത്തിലാണ് കാജൽ ലോക കിരീടം ചൂടിയത്. മുതിർന്ന താരങ്ങളുടെ കേഡറിലേക്ക് ഉയർന്ന കാജൽ ഈ വർഷം ജൂണിൽ മംഗോളിയയിൽ നടന്ന റാങ്കിങ് സീരീസിലും ജൂലൈയിൽ ബുഡാപെസ്റ്റിൽ നടന്ന ടൂർണമെന്റിലും പട്ടായയിൽ നടന്ന അണ്ടർ20 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിരുന്നു.
ചാമ്പ്യൻഷിപ്പിൽ മറ്റ് രണ്ട് ഇന്ത്യൻ താരങ്ങളായ തനു ശർമ്മയും സവിതയും വെള്ളി മെഡലുകൾ സ്വന്തമാക്കി. 72 കിലോഗ്രാം വിഭാഗം ഫൈനലിൽ ശക്തമായി പൊരുതിയ തനു ജപ്പാന്റെ ചിസാറ്റോ യോഷിഡയോട് 3-5 സ്കോറിന് കീഴടങ്ങി. 62 കിലോഗ്രാം വിഭാഗം ഫൈനലിൽ ജപ്പാന്റെ സാകുറ ഒനിഷിയോട് സാങ്കേതിക മികവിൽ (2-12) തോറ്റാണ് സവിത വെള്ളി നേടിയത്.
68 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മാൻസി ലാഥർ സ്വർണപ്പോരാട്ടത്തിന് യോഗ്യത നേടി. ചൈനയുടെ ചെൻലിംഗ് സോങ് ആണ് ഫൈനലിൽ മാൻസിയുടെ എതിരാളി. 59 കിലോഗ്രാം റിപ്പഷാജ് റൗണ്ടിൽ ഇന്ത്യയുടെ കോമൾ സ്പെയിനിന്റെ റോസ മോളിന റോഡ്രിഗസിനെ നേരിടും. ഗ്രീക്കോ റൊമാൻ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങൾക്കാർക്കും മെഡൽ നേടാനായില്ല. പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ പോരാട്ടങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും









0 comments