Deshabhimani

ഇന്തോനേഷ്യയിൽ കാട്ടുതീ രൂക്ഷം; 19 ലക്ഷം ഹെക്ടർ പ്രദേശം കത്തിനശിച്ചു

forest fire

Photo:BBC

വെബ് ഡെസ്ക്

Published on Oct 21, 2026, 06:28 AM | 1 min read

പലങ്കരായ : ഇന്തോനേഷ്യയിൽ മാസങ്ങളായി തുടരുന്ന കാട്ടുതീ തെക്കുകിഴക്കൻ ഏഷ്യയുടെ വിവിധ ഭാഗങ്ങളെ വിഷപ്പുകയിൽ മുക്കുന്നു. ഈ വർഷം ഇതുവരെ ഏകദേശം 19 ലക്ഷം ഹെക്ടർ പ്രദേശം കത്തിനശിച്ചതായാണ് ഉപഗ്രഹവിവരങ്ങൾ വ്യക്തമാക്കുന്നത്. സെപ്തംബറിൽ മാത്രം പത്തുലക്ഷം ഹെക്ടറോളം പ്രദേശത്ത് തീ പടർന്നു.


കാട്ടുതീയിൽനിന്നുള്ള പുകമഞ്ഞ് ഇന്തോനേഷ്യയ്ക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു. വിഷപ്പുക ശ്വസിച്ചതിനെത്തുടർന്ന് ചുമയും ശ്വാസകോശ അണുബാധകളും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.


ഒക്ടോബർ പകുതിയോടെ ഇന്തോനേഷ്യയിൽ 2.77 ലക്ഷത്തിലധികം പേർക്ക് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇവരിൽ 62,000ത്തിലധികം പേർ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളാണ്.


പുകമഞ്ഞിലെ സൂക്ഷ്മകണങ്ങൾ ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് കടക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരാണ് കൂടുതൽ അപകടസാധ്യത നേരിടുന്നത്. പുകമഞ്ഞ് രൂക്ഷമായതോടെ പല പ്രദേശങ്ങളിലും കുട്ടികൾ ഓൺലൈനായാണ് പഠനം തുടരുന്നത്. പുറത്തിറങ്ങി ജോലി ചെയ്യേണ്ടിവരുന്ന കർഷകരും ദിവസവേതനക്കാരും ആരോഗ്യഭീഷണി നേരിടുകയാണ്.


കാട്ടുതീ അണയ്ക്കാൻ 60,000ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചതായും പുതിയ തീപിടിത്തങ്ങൾ നിയന്ത്രിക്കുന്നതിൽ 80 ശതമാനം വിജയിച്ചതായും ഇന്തോനേഷ്യൻ സർക്കാർ അറിയിച്ചു.


എന്നാൽ, പീറ്റ് മണ്ണിനടിയിൽ പടരുന്ന തീ അണയ്ക്കുന്നത് വലിയ വെല്ലുവിളിയാണ്. മണ്ണിന്റെ ആഴങ്ങളിലേക്ക് വെള്ളം എത്തിക്കേണ്ടതിനാൽ വലിയ അളവിൽ വെള്ളം ആവശ്യമാണ്. നീണ്ട വരൾച്ചയെത്തുടർന്ന് വെള്ളത്തിന്റെ ലഭ്യതയും കുറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home