ad
Deshabhimani

ഇന്ന് ലോക സംരംഭകദിനം

‌മണ്ണിൽനിന്ന് സംരംഭകത്വത്തിന്റെ പുതുവഴികൾ തീർത്ത് നിഷാദ്

Nishad Mararikkulam
avatar
പി എസ് മഞ്ജരി

Published on Aug 21, 2026, 08:49 PM | 3 min read

നിയമബിരുദവും മുന്നിൽ വക്കീൽപ്പണിയുടെ സാധ്യതകളുമുണ്ട്. പക്ഷേ നിഷാദ് തിരഞ്ഞെടുത്തത് മണ്ണിനെ പൊന്നാക്കുന്ന വഴിയാണ്. ഇന്ന് കൃഷിയെയും സാങ്കേതികവിദ്യയെയും ചേർത്തുപിടിച്ച് കാർഷിക മേഖലയിൽ പുതിയ മാതൃകകൾ തേടുകയാണ് ഈ സംരംഭകൻ.


നിയമബിരുദം നേടിയെങ്കിലും വക്കീലാകാൻ നിഷാദ് തയ്യാറായില്ല. ആലപ്പുഴയിലെ മാരാരിക്കുളത്ത് 15 ഏക്കറിനടുത്ത് ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങി. പരമ്പരാഗത കൃഷിരീതികളിൽ നിന്ന് വേർതിരിഞ്ഞ് പുതിയ സാധ്യതകൾ പരീക്ഷിക്കാനുള്ള താൽപ്പര്യവും ഇതോടെ വളർന്നു. കോവിഡ് കാലത്ത് കേരളത്തിലെ ആദ്യകാല ഓൺലൈൻ പച്ചക്കറി വില്പന സംരംഭകരിലൊരാളായി നിഷാദ് മാറിയതും അങ്ങനെയാണ്.


2016ൽ മാരാരിക്കുളത്ത് കൃഷി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഡോ തോമസ് ഐസകിന്റെയും സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും കൃഷി വകുപ്പിന്റെയും പിന്തുണ നിഷാദിന് കരുത്തേകി. തുടക്കത്തിൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായിരുന്നു കൃഷി. പച്ചക്കറിക്കൊപ്പം കേരളത്തിൽ കൃഷി ചെയ്യാവുന്ന പഴങ്ങളും പരീക്ഷിച്ചു. പഴവ​ർ​ഗങ്ങളിൽ പപ്പായയും തണ്ണിമത്തനുമായിരുന്നു കൃഷി ചെയ്തിരുന്നത്. 30ലേറെ ഇനം പച്ചക്കറികളും വിളയായി തിരഞ്ഞെടുത്തിരുന്നു.


ആലപ്പുഴയിൽ നിന്ന് പാലക്കാടിന്റെ മണ്ണിലേക്ക്


2024ഓടെ മാരാരി ഫ്രെഷിൽനിന്ന് പിന്മാറി എൻ റൂട്ട്സ് അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിന് തുടക്കമിട്ടു. പാലക്കാട്ടേക്ക് കൃഷി പൂർണമായും മാറ്റിയതിനു പിന്നിൽ മണ്ണിന്റെ വളക്കൂറാണ് പ്രധാന കാരണമെന്ന് നിഷാദ് പറയുന്നു. ഉല്പാദനം വർധിപ്പിക്കാനുള്ള സാധ്യതയും പാലക്കാട്ടുണ്ടെന്നാണ് നിഷാദിന്റെ പക്ഷം. എന്നാൽ പാലക്കാട്ടെ കാലാവസ്ഥ ചെറിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഉയർന്ന ചൂട് കൃഷിക്ക് തിരിച്ചടിയാകാറുണ്ട്. കഴിഞ്ഞ വർഷം ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ തണ്ണിമത്തൻ മാത്രം കൃഷി ചെയ്തും പരീക്ഷണം നടത്താറുണ്ട്. സാധാരണയായി പാലക്കാട്ടെ കർഷകർ തണ്ണിമത്തൻ കൃഷി ചെയ്യാറില്ല. ആ സാധ്യതയാണ് നിഷാദ് അവിടെ പരീക്ഷിച്ചത്.


Nishad

മെയ് മാസത്തോടെ ആരംഭിച്ച് ജനുവരിയോടെ അവസാനിക്കുന്നതാണ് പാലക്കാട്ടെ കൃഷിരീതി. അതിനാൽ വർഷം മുഴുവൻ ഒരേ വിളയെ ആശ്രയിക്കുന്നതിനു പകരം ഓരോ സീസണിനും അനുയോജ്യമായ വിളകൾ തിരഞ്ഞെടുക്കുകയാണ് നിഷാദ് ഇപ്പോൾ പിന്തുടരുന്നത്. ദീർഘകാല വിളകൾക്കൊപ്പം ഹ്രസ്വകാല വിളകളും ഇടകലർത്തി കൃഷി ചെയ്യാറുണ്ട്. വാഴത്തോട്ടത്തിനിടയിൽ പച്ചമുളക്, ചെണ്ടുമല്ലി, തണ്ണിമത്തൻ തുടങ്ങിയവ ഇടവിളയായി കൃഷി ചെയ്തും പരീക്ഷണം നടത്തി.


കൃഷിയിലേക്കെത്തുന്ന പുതു തലമുറ


എൻ റൂട്ട്സ് പ്രധാനമായും കാർഷിക മേഖലയിലെ കൺസൾട്ടിം​ഗും മറ്റു സ​ഹായങ്ങളുമാണ് നൽകുന്നത്. കൃഷിയിടം രൂപകല്പന ചെയ്യുന്നതും, ഭൂമി തയ്യാറാക്കലും, അവ സംരക്ഷിക്കലുമൊക്കെ എൻ റൂട്ട്സ് ഏറ്റെടുക്കുന്നു. കൃഷിയിലേക്ക് പുതുതായി കടന്നുവരുന്നവർക്ക് ആവശ്യമായ അറിവും പിന്തുണയും നൽകാനും ഈ സംരംഭം ശ്രമിക്കുന്നുണ്ട്.


കൃഷി അറിയാതെയാണ് പലരും ഈ രം​ഗത്തേക്ക് വരുന്നത്. കൃഷിയെ കുറിച്ച് അറിവില്ലാതെ പണമിറക്കിയാൽ തിരിച്ചടി നേരിടാനുള്ള സാധ്യത കൂടുതലാണെന്ന് നിഷാദ് പറയുന്നു. ഒരു ഏക്കറിൽ മൂന്ന് വിളകൾ വരെ കൃഷി ചെയ്താൽ ഒരു വർഷം പരമാവധി 9 ലക്ഷം രൂപ വരെയാണ് വരുമാനം ലഭിക്കുക. എന്നാൽ കൃത്യമായ ആസൂത്രണവും വിപണിയെ കുറിച്ചുള്ള അറിവും ആവശ്യമാണ്. ഭൂമി തെരഞ്ഞെടുക്കുന്നതു മുതൽ നിലമൊരുക്കുന്നതു വരെ ഓരോ ഘട്ടവും കൃഷിയിൽ പ്രധാനമാണ്. ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ കൃഷിയിൽ നിന്ന് വരുമാനം നേടുക പ്രയാസമാണ്.


റോഡ് സൗകര്യമുള്ളതും സുരക്ഷിതമായി ഫെൻസിം​ഗ് ഉള്ളതും വെള്ളം ലഭ്യമാകുന്നതുമായ കൃഷിഭൂമി കണ്ടെത്തി നൽകാനും എൻ റൂട്ട്സ് ശ്രമിക്കുന്നുണ്ട്. കൃഷിക്കായി ഭൂമി പാട്ടത്തിന് നൽകുമ്പോൾ ഭൂവുടമയ്ക്കും സംരംഭകനും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ ഇടനിലക്കാരാവണമെന്നാണ് നിഷാദിന്റെ അഭിപ്രായം. കൃഷിയിലേക്ക് തിരിയുന്നവരിൽ ഏറെയും എഐയുടെ വരവോടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ ഐടി മേഖലയിൽനിന്ന് മാറിയെത്തുന്നവരും പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തുന്നവരുമാണ്. ഇവരിൽ പലരും ബിസിനസ് എന്ന നിലയിലാണ് പലരും കൃഷിയെ കാണുന്നത്. പക്ഷേ കൃഷി മറ്റ് ബിസിനസുകളെപ്പോലെയല്ല. അറിവും ക്ഷമയും അത്യാവശ്യമാണെന്ന് നിഷാദ് പറയുന്നു.

Nishad

സ്ഥലമുണ്ട്, കൃഷിക്കാരില്ല


കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ കൃത്യമായ അറിവിന്റെ അഭാവവും വിപണിയുടെ കുറവുമാണെന്ന് നിഷാദ് പറയുന്നു. കേരളത്തിന് ആവശ്യമായ മുഴുവൻ പച്ചക്കറിയും സംസ്ഥാനത്ത് തന്നെ ഉല്പാദിപ്പിക്കാനുള്ള ഭൂമിയുണ്ട്. പക്ഷേ കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഭൂമി ലഭ്യമാകാത്തതാണ് വലിയ പ്രതിസന്ധി. സർക്കാരിന് ചെയ്യാൻ കഴിയുന്നത് കൃഷിക്ക് വേണ്ട അവസരങ്ങൾ സൃഷ്ടിക്കുകയാണെന്ന് നിഷാദ് പറയുന്നു. കൃഷിഭൂമി കണ്ടെത്തുന്നതിലും പാട്ടത്തിന് നൽകുന്നതിലും സർക്കാർ ഇടനിലക്കാരാകണം. ഭൂവുടമയ്ക്ക് ഭൂമി നഷ്ടപ്പെടുമെന്ന ഭയവും സംരംഭകന് കൃഷിഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയും ഇല്ലാത്ത ഒരു സംവിധാനം ഉറപ്പാക്കുകയും വേണം. ആലപ്പുഴക്കും പാലക്കാടിനുമിടയിൽ ഇനിയും കൂടുതൽ കൃഷിയിടങ്ങൾ ഒരുക്കണം, അവിടെ ഉല്പാദിപ്പിക്കുന്ന വിളകൾക്ക് വിപണിയും കണ്ടെത്തണമെന്നാണ് നിഷാദിന്റെ അടുത്ത സ്വപ്നം. സംരംഭം തുടങ്ങുമ്പോഴല്ല ബുദ്ധിമുട്ട് നേരിടുന്നത്, നിലനിർത്തുകയാണ് ബുദ്ധിമുട്ട്. അതിന് ഏറ്റവും ആവശ്യം ക്ഷമയാണെന്ന് നിഷാദ് പറയുന്നു.


ഒരു സംരംഭകനാകുന്നതിനൊപ്പം കുറച്ചുപേർക്ക് തൊഴിൽ നൽകാനും കഴിയണം. കൃഷിയെ വെറും ഉപജീവനമാർഗമായി കാണാതെ അറിവും സാങ്കേതികവിദ്യയും സംരംഭകത്വവും ചേർന്ന ഒരു മേഖലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നിഷാദ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home