ക്ഷേമപെൻഷൻ ഇനി വീട്ടിലെത്തില്ല: സഹകരണ ബാങ്കുവഴിയുള്ള സംവിധാനം നിർത്തി

തിരുവനന്തപുരം: ക്ഷേമ പെൻഷൻ സഹകരണ ബാങ്കുവഴി വീട്ടിലെത്തിക്കുന്ന സംവിധാനം യുഡിഎഫ് സർക്കാർ നിർത്തലാക്കി. ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം നടത്തണമെന്നാണ് പുതിയ ഉത്തരവ്. പൂർണതോതിൽ കിടപ്പുരോഗികളായവർക്കു മാത്രമാണ് ഇനി പെൻഷൻ വീട്ടിലെത്തുക.
ഡയറക്ട് ബെനഫിറ്റ് ട്രാൻസ്‌ഫർ (ഡിബിടി) വഴി മാത്രമേ പെൻഷനുള്ളുവെന്നാണ് യുഡിഎഫ് സർക്കാരിന്റെയും തീരുമാനം. ക്ഷേമ പെൻഷൻ വകയിൽ കേന്ദ്രത്തിൽ നിന്നുള്ള വിഹിതം കിട്ടില്ലെന്നടക്കമുള്ള വിചിത്ര വാദങ്ങൾ ഉയർത്തിയാണ് തീരുമാനം. ആരുടെ മുന്നിലും കൈനീട്ടാതെ മരുന്നുൾപ്പെടെയുള്ള ആവശ്യങ്ങളിൽ തുണയായ ക്ഷേമ പെൻഷനാണ് അട്ടിമറിക്കപ്പെടുന്നത്. പുതിയ തീരുമാനം സഹകരണ ബാങ്കുകള്‍ക്കും വലിയ തിരിച്ചടിയാവും. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ബിജെപി സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്ക് യുഡിഎഫ് കുടപിടിക്കുകയാണ്.
1980ൽ നായനാർ സർക്കാരാണ് ഇന്ത്യയിലാദ്യമായി സാമൂഹ്യക്ഷേമ പെൻഷൻ നടപ്പാക്കുന്നത്. അന്ന് മാസം 45 രൂപ പെൻഷൻ പ്രഖ്യാപിച്ച് നടപ്പാക്കി. ഈ സമ്പ്രദായം പ്രത്യുൽപ്പാദനപരമല്ലെന്ന നിലപാടുയർത്തി കോൺഗ്രസ് ശക്തമായി എതിർത്തു. കൃഷിക്കാരും കർഷകത്തൊഴിലാളികളും സമൂഹത്തിന് ‘അന്നം' നൽകുന്നവരാണ്. അവരുടെ ജീവിതാവസാനകാലത്ത് സ്വന്തമായി വരുമാനം ലഭിക്കുന്നത് വിവരണാതീതമായ ആശ്വാസമാണ് പകർന്നുനൽകുന്നത്. ഈ നിലപാടിൽ അന്നത്തെ നായനാർ സർക്കാർ ഉറച്ചുനിന്നു.
പിന്നീട് 2016 വരെ വിവിധ ജനവിഭാഗങ്ങൾക്ക് പെൻഷൻ അനുവദിക്കപ്പെട്ടു. 2016ൽ യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ പെൻഷൻ 18 മാസം കുടിശ്ശികയായിരുന്നു. അന്ന് സാമൂഹ്യപെൻഷൻ ലഭ്യമാകുന്ന എല്ലാവരുടെയും പെൻഷൻ 600 രൂപയായിരുന്നു. 2016ൽ അധികാരത്തിൽവന്ന എൽഡിഎഫ് സർക്കാർ കുടിശ്ശിക പൂർണമായും കൊടുത്തുതീർത്തു. 2016നും 2024നും ഇടയിൽ പെൻഷൻ വിവിധ ഘട്ടങ്ങളിലായി 1600 രൂപയായി വർധിപ്പിച്ചു. 2016 വരെ നൽകിയ പെൻഷൻ വിഹിതത്തിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 100 രൂപ മാത്രമാണ് വർധിപ്പിച്ചത്.










0 comments