വയനാടിന്റെ സ്വപ്നപാത, അതിജീവനത്തിന്റെ ടൗൺഷിപ്പ്; വാഗ്ദാനങ്ങൾക്ക് പുറമെ സർക്കാർ നടപ്പാക്കിയ പദ്ധതികൾ

തിരുവനന്തപുരം: വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായ ആനക്കാംപൊയിൽ – കള്ളാടി തുരങ്ക പാത, മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ്, വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിൽ നിർമിച്ച പെരുമ്പളം പാലം തുടങ്ങി എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾക്ക് പുറമെ വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്.
വയനാടിന്റെ സ്വപ്‌നപാത
ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത എല്ലാ അനുമതികളും ലഭ്യമാക്കി നിർമ്മാണ ഉദ്ഘാടനം നടത്തി. തുരങ്കപാത വയനാടിന്റെ വികസനത്തിൽ നാഴികക്കല്ലായിരിക്കും. 2025 ആഗസ്‌ത് 31ന് മുഖ്യമന്ത്രി കല്ലിട്ട പദ്ധതി നാലുവർഷത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കിഫ്‌ബി ഫണ്ടുപയോഗിച്ച് 2134 കോടി രൂപ ചെലവിലാണ് 8.735 കിലോമീറ്റർ നീളമുള്ള തുരങ്കപാതയുടെ നിർമാണം. 8.11 കിലോമീറ്റർ തുരങ്കമാണ്.
അതിജീവനത്തിന്റെ ലോകമാതൃക
മുണ്ടക്കൈ ചുരൽമല പ്രകൃതി ദുരന്തത്തിൽ ഭവനരഹിതരായവർക്കുള്ള മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി 178 വീടുകൾ അർഹതപ്പെട്ടവർക്ക് നൽകി. വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വിവിധ സർക്കാർ സംവിധാനങ്ങളുടെയും ഏജൻസികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ടൗൺഷിപ്പ് യാഥാർഥ്യമാകുന്നത്.
ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരു നില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വപ്നതീരങ്ങളിലേക്ക് വികസനം നങ്കൂരമിടുമ്പോൾ
കേന്ദ്ര സർക്കാർ ഗ്രാൻറ് സഹായം നൽകാതിരുന്നിട്ടും, വിഴിഞ്ഞം പദ്ധതിയുടെ തുടർ ഘട്ടങ്ങൾ 2045ൽ പൂർത്തിയാക്കേണ്ടിയിരുന്നത് 2028-ൽ പൂർത്തിയാക്കുന്ന തരത്തിൽ സംസ്ഥാന സർക്കാർ ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുകഴിഞ്ഞു.
ഇരുകരകളിലെ ഹൃദയങ്ങളൊന്ന് ചേരുമ്പോൾ
ആലപ്പുഴ ജില്ലയിൽ ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന പെരുമ്പളം പാലം നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുത്തു. അമ്പൂരി ആദിവാസി മേഖലയിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കുന്ന നിലയിൽ കുമ്പിച്ചൽക്കടവ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തു.
ആരോഗ്യരംഗത്തെ ആഗോളമാതൃക
ആരോഗ്യ മേഖലയിൽ നടത്തുന്ന സജീവ ഇടപെടലിൻ്റെ ഭാഗമായി നിലവിൽ വന്ന സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി. ഈ നയം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ദൃഷ്ടാന്തമാണ് 2025-26 ൽ കോഴിക്കോട് ആരംഭിച്ച അവയവമാറ്റ ഗവേഷണത്തിനും ചികിത്സയ്ക്കുമായുള്ള ഇൻസ്റ്റിറ്റ്യൂട്ട്.
നിലവിലുള്ള ഇൻഷ്വറൻസ് പദ്ധതികളിലൊന്നും ഉൾപ്പെടാത്ത (കാരുണ്യ, മെഡിസെപ്, കെബിഎഫ്) മിസ്സിംഗ് മിഡിൽ വിഭാഗങ്ങൾക്കായി പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കി. കണ്ണൂർ ഇന്റർനാഷണൽ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മാണോദ്ഘാടനം നടത്തി.
ഗതാഗത വിപ്ലവത്തിൻ്റെ വികസന വഴികൾ
സ്ഥലമെടുപ്പിന് സംസ്ഥാന സർക്കാർ 25 ശതമാനം തുക നൽകിയാണ് എൻ എച്ച് 66ന്റെ വികസനം ദേശീയപാതാ വികസന അതോറിറ്റി ഏറ്റെടുത്ത് നടപ്പാക്കിവരുന്നത്. ദേശീയപാതയുടെ ആദ്യ റീച്ചായ തലപ്പാടി– ചെങ്കള ആറുവരിപ്പാത പൂർത്തിയാക്കിയിട്ടുണ്ട്.
പത്തുവർഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള 29,573 കിലോമീറ്റർ റോഡിൽ 18,000 കിലോമീറ്റർ റോഡുകൾ ഉയർന്ന നിലവാരത്തിലേക്ക് മാറ്റാൻ കഴിഞ്ഞു. ഇപ്പോൾ 20,000 കിലോമീറ്റർ റോഡ് റണ്ണിംഗ് കോൺട്രാക്ട് വ്യവസ്ഥയിൽ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി നിലനിർത്താൻ കഴിഞ്ഞു. ആലപ്പുഴ -ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേ നിർമ്മാണം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കി.
യുവതയ്ക്ക് സ്വപ്നച്ചിറകുകൾ
പിഎസ്‍സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിൽ പെടുന്നവർക്ക് 36 വയസ്സിൽ നിന്ന് 40 ആയി ഉയർത്തി. എസ്‍സി- എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് 45 വയസും ഒബിസി വിഭാഗത്തിൽപ്പെടുന്നവർക്ക് 43 വയസാക്കിയും ഉയർത്തിയിട്ടുണ്ട്.
18 വയസിനും 35 വയസിനും ഇടയിലുള്ള തൊഴിൽ പരിശ്രമ ഉദ്യമത്തിൽ ഏർപ്പെട്ടിട്ടുള്ള വ്യക്തികൾക്ക് പ്രതിമാസം 1000 രൂപ കണക്ട് ടു വർക്ക് സ്‌കീം പ്രകാരം അനുവദിച്ചിട്ടുണ്ട്. ഈ സ്‌കീമിൽ ഇതുവരെ 75,376 പേർക്ക് പ്രതിമാസം 1000 രൂപ വെച്ച് നൽകിവരുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്ന സജീവമായ ഇടപെടിൻ്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, 2026 ബജറ്റിൽ പ്രഖ്യാപിച്ച ഡിഗ്രിതല വിദ്യാഭ്യാസം സൗജന്യമാക്കാനുള്ള തീരുമാനം.









0 comments