ലഹരിക്കടിമയായ യുവാക്കളുടെ അക്രമം; പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ രണ്ട് പേരെ കുത്തിപരിക്കേൽപ്പിച്ചു

മുന്നാട്: ലഹരിക്കടിമയായ യുവാക്കൾ പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ രണ്ട് പേരെ കുത്തിപരിക്കേൽപ്പിച്ച് മുങ്ങി. കുത്തേറ്റ് സാരമായി പരിക്കേറ്റ സരീഷ് (30), പൊലീസ് ഉദ്യോഗസ്ഥൻ സൂരജ് (39) എന്നിവരെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തി രക്ഷപ്പെട്ട മുന്നാട്ടെ സഹോദരങ്ങളായ വിഷ്ണു, ജിഷ്ണു എന്നിവർക്കായി ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ശനി രാത്രി പത്തിന് മുന്നാട് കൊറത്തിക്കുണ്ടിലാണ് സംഭവം. അധ്യാപക ഫെമിന, ഭർത്താവ് കെഎസ്ഇബി ഉദ്യോഗസ്ഥനായ റഫീഖ് എന്നിവരുടെ വീട്ടിൽ സമീപവാസികളായ യുവാക്കൾ ലഹരിക്കടിമപ്പെട്ട് അതിക്രമിച്ച് കയറി വാതിൽ ചവുട്ടി തുറക്കാൻ ശ്രമിച്ചു. വീട്ടുകാരുടെ പരാതിയിൽ ബേഡകം പൊലീസ് എസ്ഐ എൻ രഘുനാഥനും സംഘവും സ്ഥലത്തെത്തിയപ്പോൾ കഠാര, വാക്കത്തി എന്നീ ആയുധങ്ങൾ കയ്യിൽ ബെൽറ്റിൽ കെട്ടി വീശി കൊല്ലുമെന്ന് ഭീഷണി മുഴക്കി.
തുടർന്ന് വിഷ്ണു പരിസരവാസിയായ സരീഷിനെ കയ്യിലുള്ള കത്തി കൊണ്ട് വയറിന്റെ ഇടതുഭാഗത്ത് കുത്തിപരിക്കേൽപ്പിച്ചു. തടയാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥൻ സൂരജിനെ കത്തി വീശി വയറിലും കീഴ്താടിയിലും കുത്തി മുറിവേൽപ്പിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇരുവരും ഇരുട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥിരം ലഹരിക്കടിമകളായ ഇരുവരും നേരത്തെയും അക്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.









0 comments