എൽഡിഎഫിന് ജയം ഉറപ്പ്; കൂടുതൽ സീറ്റ് നേടും: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥികളെ ഏതാണ്ട് നിശ്ചയിച്ചു കഴിഞ്ഞു. എൽഡിഎഫ് ഏകോപനത്തോടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് ആവേശത്തോടെ ഇറങ്ങും. കഴിഞ്ഞ തവണ നേടിയതിനെക്കാൾ കൂടുതൽ സീറ്റുകളും തദ്ദേശ സ്ഥാപനങ്ങളും നേടിക്കൊണ്ട് മുന്നോട്ടേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. സർക്കാർ കൈവരിച്ച നേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടുമെന്നും കേരളത്തിന്റെ ഭാവിക്ക് എൽഡിഎഫ് വീണ്ടും വരണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ സീറ്റ് ധാരണയുമായി തർക്കങ്ങളില്ല. മറ്റു പാർടികളിൽനിന്ന് വിട്ട് വരുന്നവർ എൽഡിഎഫിന്റെ നയങ്ങൾ അംഗീകരിച്ചാൽ അവരുമായി സഹകരിക്കാം. അതേസമയം രഹസ്യധാരണ ആരുമായുമില്ല. മതനിരപേക്ഷ കക്ഷികളുമായി മാത്രമാണ് ബന്ധം. വർഗീയ കക്ഷികളുമായി ബന്ധമുണ്ടാക്കില്ല. വെൽഫെയർ പാർടിക്കും എസ്ഡിപിഐയ്ക്കും യുഡിഎഫുമായാണ് ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ ചിത്രം ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. ഉയർന്നുവന്ന ചില അഭിപ്രായ ഭിന്നതകൾ അതാതിടത്ത് പരിഹരിക്കും. അതിന് വേണ്ട സർക്കുലർ നൽകിയിട്ടുണ്ട്. സർക്കാരിനോടുള്ള വിലയിരുത്തലായി ജനം തെരഞ്ഞെടുപ്പിനെ കാണും. ജനങ്ങളിൽ വിശ്വാസമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.









0 comments