ad
Deshabhimani

ട‍ൗൺഷിപ്പിൽ താമസം ആരംഭിച്ച്‌ മൂന്നാമത്തെ കുടുംബം

print edition ‘എല്ലാം അവസാനിച്ചെന്നു കരുതി, എൽഡിഎഫ്‌ സർക്കാർ ഞങ്ങളെ കൈവിട്ടില്ല’

 Wayanad Rehabilitation Township.jpg
avatar
അജ്‌നാസ്‌ അഹമ്മദ്‌

Published on May 25, 2026, 12:01 AM | 1 min read

കൽപ്പറ്റ: ‘എസ്‌റ്റേറ്റ്‌ പാടിയിൽനിന്ന്‌ അടച്ചുറപ്പുള്ള വീട്ടിലേക്ക്‌ മാറണമെന്നായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. തേയില നുള്ളിയും കൂലിപ്പണിയെടുത്തും സ്വരുക്കൂട്ടിയ സമ്പാദ്യം ചേർത്തുവച്ച്‌ ചൂരൽമലയിൽ സ്ഥലംവാങ്ങി വീടുവച്ചു. ഗൃഹപ്രവേശനത്തിന്‌ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ്‌ വർഷങ്ങളുടെ സ്വപ്‌നം ഉരുളിൽ ഒലിച്ചുപോയത്‌. എല്ലാം അവസാനിച്ചെന്നു കരുതി.


എന്നാൽ, എൽഡിഎഫ്‌ സർക്കാർ ഞങ്ങളെ കൈവിട്ടില്ല’– ട‍ൗൺഷിപ്പിലെ പുതിയ വീട്ടിലെ വരാന്തയിൽ ഇരുന്ന്‌ ബന്ധുക്കളോട്‌ സംസാരിക്കുമ്പോൾ ചൂരൽമലയിലെ വള്ളിയമ്മയുടെയും പളനിസ്വാമിയുടെയും വാക്കുകളിൽ ഒരേസമയം സങ്കടവും സന്തോഷവും മിന്നിമറഞ്ഞു. ഞായർ പകൽ പത്തോടെയാണ്‌ കുടുംബം ട‍ൗൺഷിപ്പിലെ വീട്ടിൽ പാലുകാച്ചി ഗൃഹപ്രവേശം നടത്തിയത്‌. ഗൃഹപ്രവേശത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ കുടുംബാംഗങ്ങളെ പോലെ വർഷങ്ങൾ ഒപ്പമുണ്ടായിരുന്ന അയൽവാസികളും സഹപ്രവർത്തകരും ഇല്ലെന്നതാണ്‌ ഇരുവരുടെയും സങ്കടം.


‘ഇടവും വലവുംനിന്ന പ്രിയപ്പെട്ടവരെ ദുരന്തത്തിൽ നഷ്‌ടമായി. അധ്വാനിച്ചുണ്ടാക്കിയ വീടാണ്‌ കയറിക്കിടക്കുംമുമ്പ്‌ പോയത്‌. എൽഡിഎഫ്‌ സർക്കാർ മുണ്ടക്കൈയെയും ചൂരൽമലയെയും വീണ്ടെടുത്തു. ഞങ്ങൾക്ക്‌ ഒരുസ്ഥലത്ത്‌ പുതുജീവിതം നൽകി. ട‍ൗൺഷിപ്പ്‌ സമ്മാനിച്ചവരോട്‌ നന്ദി പറഞ്ഞാൽ തീരില്ല. ഇനി ഇവിടെ സമാധാനത്തിൽ കഴിയാമെന്ന ആശ്വാസത്തിലാണ്‌ മുന്നോട്ടുള്ള ജീവിതം’– വള്ളിയമ്മ പറഞ്ഞു.


മകൾ രേവതിയും ചെറുമകൻ അഖിലേഷും ഇരുവർക്കുമൊപ്പം പുതിയ വീട്ടിലുണ്ട്‌. ഒന്നാംഘട്ടത്തിലെ 178- വീടുകൾ ഏറ്റുവാങ്ങിയവരിൽ താമസം ആരംഭിച്ച മൂന്നാമത്തെ കുടുംബമാണിത്‌. കഴിഞ്ഞ 17ന്‌ ചൂരൽമലയിലെ കണ്ണൻകൈ വിജയന്റെ കുടുംബമാണ്‌ ആദ്യമായി താമസം ആരംഭിച്ചത്‌. വെള്ളിയാഴ്‌ച പുഞ്ചിരിമട്ടത്തെ രാധാകൃഷ്‌ണനും കുടുംബവും ഗൃഹപ്രവേശം നടത്തിയിരുന്നു. എൽഡിഎഫ്‌ സർക്കാർ പട്ടയവും ഉടമസ്ഥാവകാശവും കൈമാറി താക്കോൽ നൽകിയ കൂടുതൽ കുടുംബങ്ങൾ തിങ്കളാഴ്‌ച മുതൽ താമസം ആരംഭിക്കും.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home