പാരിയത്ത്‌കാവിൽ പൊലീസ് വേട്ട; നടുങ്ങി നാട്

എറണാകുളം പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കൽ തടയാൻ ശ്രമിച്ച ജനങ്ങൾക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു

സ്വന്തം ലേഖകൻ
Published on May 21, 2026, 06:32 AM | 1 min read
പെരുമ്പാവൂർ: പ്രാണൻപോകുന്ന വേദനയോടെ സ്‌ത്രീകളുടെയും കുട്ടികളുടെയും നിലവിളികൾ. മനസ്സലിയാതെ ആക്രമണത്തിന് ആക്കംകൂട്ടി പൊലീസ്. ലാത്തികൾ ഉയർന്നുതാഴ്‌ന്നു. തലപൊത്തി താഴേക്ക് വീഴുന്ന വീട്ടമ്മമാർ, ചിതറിയോടുന്ന കുട്ടികൾ. ചവിട്ടേറ്റ് കരയുന്ന അർബുദബാധിതർ ഉൾപ്പെടെയുള്ളവർ.... അതിക്രൂരമായിരുന്നു പാരിയത്തുകാവിലെ പൊലീസ് വേട്ട.
ഒരുമണിക്കൂറിലേറെയാണ് പാവങ്ങളെ അതിക്രൂരമായി വേട്ടയാടിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന്റെ ധൈര്യത്തിൽ ഭൂമാഫിയക്കായി പൊലീസ് നടത്തിയത് മനഃസാക്ഷിയെ നടുക്കുന്ന ആക്രമണം. പുരുഷ പൊലീസുകാർ സ്‌ത്രീകളെയും കുട്ടികളെയുംപോലും വെറുതെവിട്ടില്ല. കഴിഞ്ഞ 14 തവണ വന്നതിൽനിന്ന് വ്യത്യസ്‌തമായിട്ടാണ് ഇക്കുറി അഭിഭാഷക കമീഷനും പൊലീസും എത്തിയത്. ഇരുനൂറോളം പൊലീസുണ്ടായിരുന്നു. പ്രകോപനം സൃഷ്ടിച്ച് ആക്രമണത്തിന് ഉറപ്പിച്ചാണവർ എത്തിയത്. ഇവരെ ചെറുത്ത സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, വാഴക്കുളം ലോക്കൽ സെക്രട്ടറി കെ എം സിറാജ്, വി പി ഖാദർ, എം കെ അനിൽകുമാർ, ജിൻസ് ടി മുസ്തഫ, കെ എം അൻവർ അലി എന്നിവരെ അറസ്‌റ്റ്‌ചെയ്‌തു നീക്കി. ഇതിനിടെ ഉന്നതിയിലെ താമസക്കാരായ രണ്ടുപേരുടെ ആത്മഹത്യാഭീഷണി പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു.
എറണാകുളം പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കാനെത്തിയ പോലീസ് പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്യുന്നു
മാധ്യമങ്ങളുടെ സാന്നിധ്യവും തുടക്കത്തിലേ കടുത്ത നീക്കത്തിലേക്ക് കടക്കാൻ അവർ അറച്ചു. എന്നാൽ, ഉച്ചയോടെ മുൻകൂട്ടി ഉറപ്പിച്ച കാര്യങ്ങൾ കൃത്യമായി നടപ്പാക്കാൻ തുടങ്ങി. പ്രതിഷേധക്കാരുടെ നേരെ ജലപീരങ്കി പ്രയോഗിച്ചു. തൊട്ടുപിന്നാലെ ആക്രമണവും. ചെറുത്തുനിൽക്കാനുള്ള കുടുംബങ്ങളുടെ ശ്രമം പൊലീസിന്റെ കൈക്കരുത്തിനുമുന്നിൽ വിഫലമായി. തലങ്ങും വിലങ്ങും പൊലീസ് അടിച്ച് മുന്നേറി. സ്‌ത്രീകളെ ലാത്തികൊണ്ട് തലയ്‌ക്കടിച്ചു. വീണവരെ ബൂട്ടിട്ട് ചവിട്ടി. ഇതിനിടെ, അഭിഭാഷക കമീഷൻ ഒരു വീടിന്റെ പിൻവശത്തെത്തി അവിടെ നോട്ടിസ് പതിക്കാനും ശ്രമിച്ചു. അർബുദബാധിതനായ ചോതിയെ ഉൾപ്പെടെ പൊലീസ് ചവിട്ടിവീഴ്‌ത്തി റോഡിലൂടെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി.
വിവരം അറിഞ്ഞ് സിപിഐ എം ജില്ലാസെക്രട്ടറി എസ് സതീഷും കുന്നത്തുനാട് മുൻ എംഎൽഎ പി വി ശ്രീനിജിനും സ്ഥലത്ത് എത്തിയപ്പോൾ ‘ഞങ്ങളെ ചവിട്ടി മോനേ.... എന്ന് പറഞ്ഞ് നിലവിളിച്ചുകൊണ്ടോടി വരികയായിരുന്നു ഇവിടെയുള്ളവർ.











0 comments